ശിശുദിന കലോത്സവം; സ്വാഗതസംഘമായി

സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിന പരിപാടികളുടെ സ്വാഗതസംഘ രൂപീകരണ യോഗം വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ അങ്കണവാടി മുതൽ എച്ച്എസ്എസ് വരെയുള്ള വിദ്യാർഥികൾക്കായി ‘വർണോത്സവം' കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. നഴ്സറി, അങ്കണവാടി കലോത്സവം 31-ന് നടക്കും. ജില്ലയിലെ ആറായിരത്തിലധികം കുരുന്നുകൾ പങ്കെടുക്കും. കഥപറയൽ (മലയാളം, ഇംഗ്ലീഷ്), അഭിനയഗാനം (സോളോ, ഗ്രൂപ്പ്), മോണോ ആക്ട്, സംഘനൃത്തം, അക്ഷരപ്പാട്ട് എന്നിവയാണ് ഇനങ്ങൾ. ജില്ലയിലെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി പ്ര ത്യേക കലോത്സവം ‘തളിർ - വർണോത്സവം', നവംബർ 14-ന് സംസ്ഥാനതല ശിശുദിന റാലി, കുട്ടികളുടെ പൊതുസമ്മേളനം എന്നിവയാണ് മറ്റ് പ്രധാന പരിപാടികൾ. ശിശുദിന റാലിയും സമ്മേളനവും നയിക്കാനുള്ള കുട്ടികളുടെ നേതാക്കളെ നവംബർ ഒന്നിന് നടക്കുന്ന സംസ്ഥാനതല എൽപി, യുപി മലയാളം പ്രസംഗ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. ജില്ലാതല മത്സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് സംസ്ഥാനതലത്തിൽ മത്സരിക്കാൻ അവസരം. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ സമ്മേളനം വി ജോയി എംഎൽഎ ഉദ്ഘാടനംചെയ്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അധ്യക്ഷനായി. ട്രഷറർ കെ ജയപാൽ സംസാരിച്ചു. ഭാരവാഹികൾ: വി ജോയി എംഎൽഎ (ചെയർമാൻ), ജി എൽ അരുൺഗോപി (ജനറൽ കൺവീനർ).








0 comments