ചന്തമേറെയുണ്ട് ചന്തവിളയ്ക്ക്...

പുല്ലാന്നിവിള ഹെൽത്ത് സെന്റർ
എസ് ഒ ദിനു
Published on Nov 27, 2025, 12:00 AM | 1 min read
കഴക്കൂട്ടം
ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അറുപത്തെട്ടുകാരനായ സൈനിക സ്കൂൾ സ്വദേശി ഗംഗാധരന്റെയും ആമ്പല്ലൂരിലെ ഫാത്തിമ ബീവിയുടെയും മുഖത്ത് ആശങ്കയില്ല, പകരം ആശ്വാസം. ‘അസുഖങ്ങളൊക്കെ ഇടയ്ക്ക് വരും. പക്ഷേ മരുന്നും പരിശോധനയും ചികിത്സയും സമയത്ത് കിട്ടും. ആമ്പല്ലൂരിലെ ആയുർവേദ ആശുപത്രിയിലോ തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലോ എല്ലാം ഉണ്ടല്ലോ.... അപ്പൊ പിന്നെ ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്’. ചന്തവിള വാർഡിൽ സൗജന്യ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചതിന്റെ സന്തോഷവും സംതൃപ്തിയുമാണ് ഇവരുടെ വാക്കുകളിൽ നിറയെ. ആരോഗ്യമേഖലയിൽ സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന ഒട്ടേറെ ഇടപെടലുകളാണ് സംസ്ഥാന സർക്കാരും നഗരസഭയും വാർഡിൽ നടപ്പാക്കിയത്. ആമ്പല്ലൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പെൻസറി, ചന്തവിള ജങ്ഷനിലെ ഹോമിയോ ആശുപത്രി, പുല്ലാന്നിവിള ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഒരുക്കിയിരിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും ഇരട്ടിയായതാണ് പ്രധാന നേട്ടം. ആയുർവേദ, ഹോമിയോ ആശുപത്രികളിൽ രാവിലെ 9 മുതൽ 2 വരെയും പുല്ലാന്നിവിള ഹെൽത്ത് സെന്ററിൽ 2 മുതൽ 7 വരെയും ഡോക്ടറുടെ സേവനം ലഭ്യമാണ്. മികച്ച ലാബും നവീകരിച്ച ഫാർമസിയും ഒരുക്കി. പ്രമേഹം, രക്തസമ്മർദം കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് ആശുപത്രി ലാബിൽ പരിശോധനയും സൗജന്യ മരുന്നും ഉറപ്പാക്കി. വീടുകളിൽ പാലിയേറ്റീവ് സംഘം ഗൃഹ സന്ദർശനവും ബോധവൽക്കരണവും കിടപ്പുരോഗികൾക്ക് പരിചരണവും സാന്ത്വനവും ഉറപ്പാക്കുന്നു. ആയുർവേദ ഹോമിയോ ഡിസ്പെൻസറി, പുല്ലാന്നിവിള ഹെൽത്ത് സെന്ററുകൾ 16 ലക്ഷം രൂപ വീതം മുടക്കി നവീകരിച്ചു. ത്രിജോതിപുരം ആമ്പല്ലൂർ സ്മാർട്ട് അങ്കണവാടികൾ, മരപ്പിൻകോട് ഓഡിറ്റോറിയം നവീകരണം, കുറവല്ല കോളനി പാലവും ലൈബ്രറിയും നിർമാണം, വിവിധ റോഡുകൾ, ഓടകൾ, ഇന്റർലോക്ക് ചെയ്ത ഇടറോഡുകൾ പുനർനിർമിച്ചു നൽകി. 78 കുടുംബങ്ങൾക്ക് ലൈഫിൽ വീടും 65 പേർക്ക് ഭവന പുനരുധാരണം, മേൽക്കൂര മാറ്റൽ, പഠനമുറികൾ തുടങ്ങി 18 കോടിരൂപയിൽ അധികം വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് കൗൺസിലർ എം ബിനു പറഞ്ഞു.









0 comments