സ്തനാർബുദ ബോധവൽക്കരണം: 'വാക്ക് ഓഫ് ഹോപ്' സംഘടിപ്പിച്ച് ആശ്രയ

തിരുവനന്തപുരം: സ്തനാർബുദ ബോധവൽക്കരണത്തിനായി മാനവീയം വീഥിയിൽ ആശ്രയ പ്രവർത്തകർ 'വാക്ക് ഓഫ് ഹോപ്' (പ്രത്യാശയുടെ നടത്തം) സംഘടിപ്പിച്ചു. ലോക സ്തനാർബുദ ബോധവൽക്കരണ ദിനമായ ഞായറാഴ്ച വൈകുന്നേരം 5ന് നടന്ന പരിപാടിയിൽ അസിസ്റ്റന്റ് ഐജി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. പോൾ അഗസ്റ്റിൻ, ആർസിസിയിലെ മുൻ അഡീഷണൽ ഡയറക്ടർ ഡോ. കുസുമകുമാരി, കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറും സ്നേഹിത ഡയറക്ടറുമായ ഡോ. റെജി ജോസ് എന്നിവർ പങ്കെടുത്തു. ആശ്രയയുടെ പ്രസിഡന്റ് ശാന്ത ജോസിൻ്റെ നേതൃത്വത്തിൽ ആശ്രയിലെ സന്നദ്ധപ്രവർത്തകരും, കാൻസർ അതിജീവന ഗ്രൂപ്പ് അംഗങ്ങളും, പൊതുജനങ്ങളും ഈ കൂട്ടായ്മയിൽ അണിനിരന്നു.
ഇപ്പോൾ ഉണ്ടാവുന്ന ക്യാൻസറിൽ 12% സ്തനാർബുദമാണ്. അതായത് ശ്വാസകോശ അർബുദത്തേക്കാൾ കൂടുതൽ. തുടക്കത്തിലേ കണ്ടെത്തിയാൽ സ്തനാർബുദം ഏകദേശം നൂറ് ശതമാനം ചികിത്സിച്ച് മാറ്റാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനം. അതിനാൽ അവ തുടക്കത്തിലേ കണ്ടെത്തണമെന്നും ഡോ. റജി ജോസ് പഞ്ഞു.
കഴിഞ്ഞ 30 വർഷമായി റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) കാൻസർ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പിന്തുണയും ആശ്വാസവും നൽകി വരുന്ന വനിതാ സന്നദ്ധ സംഘടനയായ ആശ്രയയാണ് പരിപാടി സംഘടിപ്പിച്ചത്.










0 comments