അതിജീവനവുമായി ബിയോൺഡ് ദ ഹൊറൈസൺ

ബിയോൺഡ് ദ ഹൊറൈസൺ സമാപന പരിപാടിയിൽ സെഹർ ഹാഷ്മി സംസാരിക്കുന്നു
തിരുവനന്തപുരം
മാനസികാരോഗ്യത്തെക്കുറിച്ചുള്ള സാമൂഹിക അവമതിപ്പ് അവസാനിപ്പിക്കണമെന്ന സന്ദേശവുമായി സെഹർ ഹാഷ്മിയുടെ നേതൃത്വത്തിൽ ഡൽഹിയിൽനിന്ന് ആരംഭിച്ച ‘ബിയോൺഡ് ദ ഹൊറൈസൺ– എ റൈഡ് ഫോർ റെസിലിയൻസ്’ ദേശീയ ബൈക്ക് യാത്രയുടെ കേരളപര്യടനം വെള്ളനാട് സൈക്കോ പാർക്കിൽ സമാപിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ തുറന്നുപറയുന്നതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങളും തുറന്നുപറയാനും ശാസ്ത്രീയ ചികിത്സ തേടാനും പൊതുസമൂഹം തയ്യാറാകണമെന്ന് സെഹർ പറഞ്ഞു. സഫ്ദർ ഹാഷ്മിയുടെ അനന്തരവളും സാമൂഹികപ്രവർത്തക ശബ്നം ഹാഷ്മിയുടെയും ഡോ. ഗോഹർ റാസയുടെയുംവളർത്തുമകളുമാണ് സെഹർ. ജനനത്തിനു പിന്നാലെ ഉപേക്ഷിക്കപ്പെടുകയും ബാല്യത്തിൽ കടുത്ത വിഷാദരോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറും അതിജീവിക്കുകയും ചെയ്ത സ്വന്തം ജീവിതാനുഭവം പങ്കുവച്ചായിരുന്നു സെഹർ ബോധവൽക്കരണം നടത്തിയത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഒന്പത് ജില്ലയിലെ 18 കേന്ദ്രത്തിലായിരുന്നു പരിപാടികൾ. സമാപനത്തോടനുബന്ധിച്ച് നിഷ് വിദ്യാർഥികളുടെ ശിൽപ്പ, ഫോട്ടോ പ്രദർശനം, ഹീര കളരിപ്പയറ്റ് അക്കാദമിയിലെ പെൺകുട്ടികളുടെ അഭ്യാസപ്രകടനം, ഡോ. എം പി പരമേശ്വരന്റെ ഛായാചിത്ര അനാച്ഛാദനം എന്നിവയും സംഘടിപ്പിച്ചു. ആഗസ്‌ത് 20-ന് ന്യൂഡൽഹിയിൽ നടി ഷർമിള ടാഗോറാണ് ബൈക്ക് സവാരി ഫ്ലാഗ് ഓഫ് ചെയ്തത്. ‘ക്യാമ്പയിൻ പെഹ്ചാൻ' സംഘടനയുടെ ആഭിമുഖ്യത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ ഏഴായിരത്തി-ൽപ്പരം കിലോമീറ്റർ 55 ദിവസംകൊണ്ട് താണ്ടും.









0 comments