Deshabhimani

ചെങ്കൊടി പാറുന്ന ആറ്റിങ്ങൽ

poratta polima
avatar
ബിജോ ടോമി

Published on Mar 05, 2026, 12:14 AM | 2 min read

തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപം അരങ്ങേറിയ മണ്ണ്‌, രാജാ രവിവർമയ്‌ക്ക്‌ ജന്മം നൽകിയ നാട്‌, അവകാശ പോരാട്ടങ്ങളുടെ ഭൂമിക. ചരിത്രമുറങ്ങുന്ന ആറ്റിങ്ങൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിയമസഭയിൽ ഇടതുപക്ഷത്തിനൊപ്പമാണ്‌.


2011ലെ മണ്ഡല പുനർനിർണയത്തോടെ കിളിമാനൂർ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളൂം ആറ്റിങ്ങലിന്റെ ഭാഗമായി. നിലവിലുണ്ടായിരുന്ന ചില ഭാഗങ്ങൾ ചിറയിൻകീഴിൽ ചേർന്നു. ആറ്റിങ്ങൽ നഗരസഭയും വക്കം, ഒറ്റൂർ, ചെറുന്നിയൂർ, മണമ്പൂർ, കരവാരം, നഗരൂർ, കിളിമാനൂർ, പുളിമാത്ത്‌, പഴയകുന്നുമ്മൽ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ ആറ്റിങ്ങൽ മണ്ഡലം. മണ്ഡല പുനർനിർണയത്തോടെ പട്ടിക ജാതി സംവരണ മണ്ഡലമായി.


2006ൽ ആനത്തലവട്ടം ആനന്ദൻ യുഡിഎഫിൽനിന്ന്‌ മണ്ഡലം പിടിച്ചെടുത്തശേഷം ഇടതുപക്ഷത്തിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2011ൽ 30,065 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സിപിഐ എമ്മിലെ ബി സത്യൻ 2016ൽ ഭൂരിപക്ഷം 40,383 ആക്കി ഉയർത്തി.


2021ൽ സിപിഐ എമ്മിലെ ഒ എസ് അംബിക 69,898 വോട്ട്‌ നേടിയാണ്‌ നിയമസഭയിലെത്തിയത്‌. രണ്ടാമതെത്തിയ ബിജെപിയുടെ പി സുധീറിനെക്കാൾ 31,646 വോട്ടിന്റെ ഭൂരിപക്ഷം. 1965ൽ രൂപം കൊണ്ട കിളിമാനൂർ മണ്ഡലം ഇടതുപക്ഷാംഗങ്ങളെ മാത്രമേ നിയമസഭയിലേക്ക്‌ അയച്ചിട്ടുള്ളൂ. ആറ്റിങ്ങൽ ചില അവസരങ്ങളിൽ യുഡിഎഫിനെ വിജയിപ്പിച്ചു.


1965ൽ മുൻമുഖ്യമന്ത്രി ആർ ശങ്കർ ആറ്റിങ്ങലിൽ പരാജയപ്പെട്ടു. സിപിഐ എമ്മിലെ കെ അനിരുദ്ധൻ 2083 വോട്ടുകൾക്കാണ്‌ ആർ ശങ്കറെ തോൽപ്പിച്ചത്‌. 1957ലെ ഒന്നാം കേരള നിയമസഭയിൽ ആറ്റിങ്ങലിനെ പ്രതിനിധാനംചെയ്‌തത്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ആർ പ്രകാശമാണ്‌. അഞ്ചു തവണ വക്കം പുരുഷോത്തമൻ ആറ്റിങ്ങലിൽനിന്ന്‌ നിയമസഭയിലെത്തി.


മൂന്നു തവണ ആനത്തലവട്ടം ആനന്ദൻ വിജയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ്‌ എൽഡിഎഫിന്‌ ഉണ്ടായത്‌. മണമ്പൂർ പഞ്ചായത്ത്‌ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫ്‌ ഭരണസമിതിയാണ്‌. എൽഡിഎഫ്‌ ഭരണത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനങ്ങൾ ഇ‍ൗ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാകും.


ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രി ഒപി ഡയാലിസിസ് ബ്ലോക്ക്‌ 7 കോടി, വലിയകുന്ന് താലൂക്ക് ആശുപത്രി മെറ്റേര്‍ണിറ്റി ബ്ലോക്ക് 3.5കോടി, ആറ്റിങ്ങല്‍ ഗവ. കോളേജില്‍ പുതിയ അക്കാദമിക് ക്യാന്റീന്‍ ബ്ലോക്കുകള്‍ക്ക്‌ 10.5കോടി, ജലവിതരണം ഉറപ്പാക്കുന്നതിന്‌ 254.50 കോടിയുടെ പദ്ധതികൾ, പാലങ്ങളുടെ നിര്‍മാണത്തിന് 63.78 കോടി രൂപ തുടങ്ങി വികസനത്തിന്റെ പൂക്കാലമാണ്‌ ആറ്റിങ്ങലിന്‌ സമ്മാനിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home