ആറ്റിങ്ങൽ ജിഎംബിഎച്ച്എസ്എസിനും കേരള സർവകലാശാലയ്ക്കും കിരീടം

സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നിള റിജു, വൈഷ്ണവ് ദേവ് എസ് നായർ എന്നിവർക്ക് കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ സുധീർ കൃഷ്ണ ദാസ്, എഡിഎം ടി കെ വിനീത് എന്നിവർ ട്രോഫി സമ്മാനിക്കുന്നു
തിരുവനന്തപുരം
കേരളത്തിന്റെ ആവേശോജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രം അടിസ്ഥാനപ്പെടുത്തിയുള്ള ‘ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്’ ജില്ലാതല മത്സരത്തിൽ ആറ്റിങ്ങൽ ജിഎംബിഎച്ച്എസ്എസും കേരള സർവകലാശാല കാര്യവട്ടം ക്യാന്പസും ജേതാക്കളായി. വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടന്ന പോരാട്ടത്തിൽ സ്കൂൾ വിഭാഗത്തിൽ നിള റിജു, വൈഷ്ണവ്ദേവ് എസ് നായർ എന്നിവരുടെ ടീം ഒന്നാമതെത്തി. കോളേജ് വിഭാഗത്തിൽ കെ അനുജിത്ത്, എസ് ജി അഭിരാമി എന്നിവരുടെ ടീം വിജയികളായി. സ്കൂൾ വിഭാഗത്തിൽ മടവൂർ എൻഎസ്എസ് എച്ച്എസ്എസ് രണ്ടും അമരവിള എൽഎംഎസ് എച്ച്എസ്എസ് മൂന്നും സ്ഥാനം നേടി. കോളേജ് വിഭാഗത്തിൽ കേരള സർവകലാശാലയിലെതന്നെ ടീം രണ്ടാം സ്ഥാനത്തെത്തി. മാർ ഇവാനിയോസ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 28 സ്കൂൾ ടീമുകളും 125 കോളേജ് ടീമുകളും പങ്കെടുത്തു. ജില്ലാതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവർ 22-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും. അഞ്ചുലക്ഷം രൂപയാണ് ഫിനാലെ വിജയികൾക്കുള്ള സമ്മാനത്തുക. രണ്ടാം സമ്മാനമായി മൂന്നുലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ടുലക്ഷം രൂപയും ലഭിക്കും. കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ കൃഷ്ണ ദാസ്, എഡിഎം ടി കെ വിനീത് എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.










0 comments