Deshabhimani

പ്രകൃതിയുടെ മടിത്തട്ടിലൊരു ഗ്രാമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അഖിലേഷ് ആനാവൂർ

Published on Oct 19, 2026, 12:00 AM | 1 min read

വെള്ളറട

കാട്ടാക്കട താലൂക്കിന്റെ കിഴക്കേ അറ്റത്ത് പശ്ചിമഘട്ട വനമേഖലയുടെയും തമിഴ്നാടിന്റെയും അതിർത്തിയിൽ പ്രകൃതിയുടെ മടിത്തട്ടിലുറങ്ങുന്ന മലയോര ഗ്രാമമാണ് അമ്പൂരി. ഇ‍ൗ നാടിന്റെ പേര്‌ സംബന്ധിച്ച്‌ വിവിധ കഥകൾ നിലവിലുണ്ട്‌. ശരീരത്തിൽ തറയ്‌ക്കുന്ന കൂർത്ത വസ്തുക്കൾ പുറത്തെടുക്കാൻ ഉപയോഗിച്ചിരുന്ന ‘കണ്ടലപ്പാല'യുടെ അപരനാമമാണ് ‘അമ്പൂരി'. ഔഷധഗുണമുള്ള ഈ വൃക്ഷത്തിന്റെ പേരിൽനിന്നാണ് മലയോര ഗ്രാമത്തിന് അമ്പൂരി എന്ന പേര് ലഭിച്ചതെന്നാണ്‌ ഒരു കഥ. ആദിവാസി വിഭാഗമായ കണിക്കാർ ഈ പ്രദേശത്ത് ജീവിച്ചിരുന്നു. ഒരൊറ്റ ദിവസംകൊണ്ട് പൂത്തുകതിരിടുന്ന ‘അന്നൂരി നെല്ല്' എന്ന പ്രത്യേക ഇനം അവർ ഇവിടെ കൃഷി ചെയ്തിരുന്നു. ‘അന്നൂരി' എന്ന വാക്ക് കാലക്രമേണ ‘അമ്പൂരി'യായി മാറിയെന്നും പറയപ്പെടുന്നു. പഴയ മലയാളത്തിൽ ‘ആമ്പ്' എന്നാൽ വെള്ളം എന്നാണ് അർഥം. വെള്ളം സമൃദ്ധമായി ലഭിക്കുന്ന പ്രദേശമായതിനാൽ ‘ആമ്പ്' ഒത്ത ‘ഊര്' (ഗ്രാമം) എന്നത് പിന്നീട് അമ്പൂരിയായി പരിണമിച്ചതാണെന്ന ഭാഷാശാസ്ത്രപരമായ നിരീക്ഷണമുണ്ട്‌. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പടയാളി ചടച്ചി മാർത്താണ്ഡൻ പിള്ള ഒറ്റശേഖരമംഗലത്ത് നടത്തിയ അമ്പെയ്‌ത്ത്‌ മത്സരവുമായി ബന്ധപ്പെട്ട്‌ ഒരു ഐതിഹ്യവുമുണ്ട്‌. അദ്ദേഹം തൊടുത്ത അമ്പ് ദൂരെയുള്ള ഒരു മരത്തിൽ പതിക്കുകയും പിന്നീട് ആ ‘അമ്പ് ഊരിയെടുത്ത’ സ്ഥലത്തിന് ‘അമ്പൂരി' എന്ന് പേര് വന്നെന്നുമാണ് ഐതിഹ്യകഥ. ഉയർന്ന വിളവ് നൽകുന്ന റബർ തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്‌ അമ്പൂരി. തെങ്ങ്, കുരുമുളക്, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെ കൃഷി ചെയ്‌തുവരുന്നു. അമ്പൂരിയിലെ ദ്രവ്യപ്പാറയും പ്രസിദ്ധമാണ്‌. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1500 അടിയാണ്‌ ദ്രവ്യപ്പാറയുടെ ഉയരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home