വിഗ്രഹ ഘോഷയാത്ര ആരംഭിച്ചു
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

തിരുവനന്തപുരം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന് പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്ക, കുമാരകോവിലിൽനിന്ന് കുമാരസ്വാമി, തേവാരക്കെട്ട് സരസ്വതീക്ഷേത്രത്തിൽനിന്ന് സരസ്വതി ദേവി വിഗ്രഹങ്ങളുമായുള്ള ഘോഷയാത്രയാണ് പുറപ്പെട്ടത്. രാവിലെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റവും നടന്നു. 10ന് രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പൊലീസ്, റവന്യു, ദേവസ്വം അധികൃതർ സ്വീകരിക്കും. 11ന് കരമന ആവടിയമ്മൻ ക്ഷേത്രത്തിലെത്തും. അവിടെനിന്ന് കുമാരസ്വാമി വിഗ്രഹം വെള്ളിക്കുതിരയിൽ രാത്രി കോട്ടയ്‌ക്കകത്ത് എത്തിക്കും. 23വരെ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലും ആര്യശാല ഭഗവതി ക്ഷേത്രത്തിലും ചെന്തിട്ട ക്ഷേത്രത്തിലും വിഗ്രഹങ്ങൾ പൂജയ്‌ക്കിരുത്തും. 21നാണ് പൂജയെടുപ്പ്. വിവിധ വേദികളും സാംസ്‌കാരിക പരിപാടികളാൽ സജീവമായി. പ്രധാന കേന്ദ്രമായ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഭജനകൾ, ശാസ്ത്രീയസംഗീത കച്ചേരി, ഭരതനാട്യം, തിരുവാതിര, കുച്ചിപ്പുടി, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ പരിപാടികൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും. തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ കലാപരിപാടികളും വിദ്യാർഥികൾക്കുള്ള ചിത്രരചനാ മത്സരവും നടക്കും. ഉത്സവശേഷം 23ന് തമിഴ്‌നാട്ടിലേക്ക് മടക്ക ഘോഷയാത്ര.








0 comments