കഴക്കൂട്ടം -–കടമ്പാട്ടുകോണം ദേശീയപാത നിർമാണം നിലച്ചു

ബൈപാസ് റോഡിന്റെ ആദ്യഘട്ട നിർമാണംപോലും പൂർത്തിയാകാത്ത പാലാംകോണം ഭാഗം
പി പ്രദീപ്
Published on Oct 16, 2026, 11:42 PM | 1 min read
ചിറയിൻകീഴ്
കരാറുകാരെ മാറ്റിയിട്ടും മുന്നോട്ടുപോകാതെ കഴക്കൂട്ടം- –കടമ്പാട്ടുകോണം ദേശീയപാതയുടെ നിർമാണം. കഴക്കൂട്ടം മേൽപ്പാലം അവസാനിക്കുന്ന വെട്ടുറോഡുവരെ മാത്രമാണ് ടാറിങ് പൂർത്തിയായത്. വെട്ടുറോഡ് ജങ്ഷനിൽ എംസി റോഡിലേക്ക് തിരിയുന്ന മേൽപ്പാലം, കോരാണി മേൽപ്പാലം എന്നിവയുടെ പണി നിലച്ചമട്ടാണ്. മണമ്പൂർമുതൽ നാവായിക്കുളംവരെയും തല്സ്ഥിതി. കല്ലമ്പലത്തെ മേൽപ്പാലവും പാതിയില്. വെട്ടുറോഡുമുതൽ ആറ്റിങ്ങൽ ബൈപാസ് ആരംഭിക്കുന്ന മാമംവരെ കാടുകയറി. പണിപൂര്ത്തിയായ സർവീസ് റോഡിന്റെ ഒരു ഭാഗമാണ് യാത്രക്കാര്ക്ക് ആശ്രയം. 29.83 കിലോമീറ്ററുള്ള കഴക്കൂട്ടം കടമ്പാട്ടുകോണം റീച്ചിന്റെ നിര്മാണം 2022 മാർച്ചിലാണ് ആരംഭിച്ചത്. സംസ്ഥാന സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ ആർഡിഎസ് പ്രോജക്ട് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തത്. സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനാൽ ഇവരെ ഒഴിവാക്കി പുണെ ആസ്ഥാനമായ ആർകെസി ഇൻഫ്രാസ്ട്രക്ചറിന് ഉപകരാർ നൽകി. 2025 മാർച്ചില് ആർകെസി ഉപകരാർ ഏറ്റെടുത്തു. തുടക്കത്തില് ജോലികൾ നടന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. നിർമാണവസ്തുക്കൾക്ക് ക്ഷാമമെന്നാണ് കമ്പനിയുടെ അവകാശവാദം. എങ്ങുമെത്താതെ ആറ്റിങ്ങൽ ബൈപാസ് മാമംമുതൽ മണമ്പൂർ ആഴാംകോണംവരെ 11.5 കിലോമീറ്ററിലാണ് ആറ്റിങ്ങൽ ബൈപാസ്. മാമംമുതൽ മണമ്പൂർവരെ ജോലി നടന്നിട്ടേയില്ല. രാമച്ചംവിള ഭാഗത്താകട്ടെ മേൽപ്പാലത്തിന്റെ പ്രാരംഭജോലി തുടങ്ങി. വാമനപുരം ആറിനുകുറുകെ തോട്ടവാരത്ത് പുതിയ പാലം വന്നെങ്കിലും അപ്രോച്ച് റോഡ് നടപടിയായില്ല. മാമം ആറിനു കുറുകെ പാലം, അണ്ടർ പാസേജുകൾ എന്നിവ കടലാസിന് പുറത്തുമെത്തിയില്ല. സര്വം മാറി 8.3 കിലോമീറ്ററിലാണ് പുതിയ മാറ്റങ്ങൾ. 12 ഉയരപ്പാത, രണ്ടു കട്ട് ആൻഡ് കവർ ടണല്, അടിപ്പാത എന്നിവയാണ് പുതുമാറ്റം. ചതുപ്പുനിലങ്ങളില് മണ്ണിട്ടുയര്ത്തുന്നത് അപകടസാധ്യതയാണെന്ന നിഗമനത്തിലാണ് ഡിസൈൻ മാറ്റം. ടെക്നോപാർക്ക് ഫെയ്സ് 4, സിആർപിഎഫ് ജങ്ഷന്, ആറ്റിങ്ങൽ മാമം എന്നിവിടങ്ങളിൽ ഉയരപ്പാത വരും. നദിക്കുസമീപവും ഏലാ ഭാഗങ്ങളിലും മേൽപ്പാലം, വാമനപുരം നദിക്കുസമീപം കട്ട് ആൻഡ് കവർ രീതിയിൽ രണ്ടു ടണലുകൾ, കാൽനടയാത്രക്കാർക്ക് അടിപ്പാത എന്നിങ്ങനെയാണ് തീരുമാനം. ഒന്നരവർഷത്തില് ഇതെല്ലാം നിര്മിക്കാനാണ് ആലോചന.








0 comments