ജീവിതം ഒരു ‘സെൻ’ കഥ

ബി കെ സെൻ

അഖില ബാലകൃഷ്ണൻ
Published on Sep 13, 2026, 12:00 AM | 1 min read
ശിഷ്യന്മാർക്ക് അറിവുകളും ജീവിതപാഠവും പകർന്നുനൽകാൻ സെൻ ഗുരുക്കൻമാർ ലളിതമായ ഉപദേശകഥകൾ പറഞ്ഞിരുന്നു. ഇൗ കഥകൾ പിന്നീട് കാലങ്ങൾ കടന്ന് പലർക്കും ജീവിതപാഠങ്ങളായി. എന്നാൽ, തന്റെ ജീവിതംതന്നെ ശിഷ്യന്മാർക്ക് ഗുണപാഠമാക്കിയ കഥയാണ് ബി കെ സെൻ എന്ന മാഷിനു പറയാനുള്ളത്. അധ്യാപകജീവിതത്തിൽനിന്ന് വിരമിച്ചെങ്കിലും തന്റെ ചക്രക്കസേരയിൽ ഗാന്ധിദർശനങ്ങൾ പകർന്നും മിമിക്രിയിലൂടെ സദസ്സിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സെൻ മാഷ് യാത്ര തുടരുകയാണ്. കുറുകിയ ശരീരത്തിന്റെയും വീൽചെയറിന്റെയും പരിമിതികളോട് പോരാടിയാണ് സെൻ മാഷിന്റെ ‘അതിജീവിതം’. ചെറുപ്പത്തിൽ ഉയരം കുറവായിരുന്നെങ്കിലും സെന്നിന് നടക്കാൻ പ്രശ്നമുണ്ടായിരുന്നില്ല. 34–ാംവയസ്സിൽ നാഡി, ഓർത്തോ പ്രശ്നങ്ങൾമൂലം ചക്രക്കസേരയിലായി ജീവിതം. ജീവിതപരീക്ഷണങ്ങളിലൊന്നും പതറാതെ പ്രതിസന്ധികളിൽ ഉൗർജം കണ്ടെത്തി മുന്നോട്ടുപോയി. 34 വർഷം മിമിക്രിയിലൂടെ കലാരംഗത്തും പടവുകൾ കയറി. വെഞ്ഞാറമൂട്ടിലെ ആദ്യ മിമിക്രി ട്രൂപ്പായ ‘സുഹൃത്‌സംഘം’ സ്ഥാപകരിലൊരാളാണ്. ഇരുപത്തെട്ടുവർഷത്തെ അധ്യാപകജീവിതത്തിൽ 23 വർഷം വെഞ്ഞാറമൂട് യുപി സ്കൂളിലായിരുന്നു. തിരക്കുള്ള അധ്യാപകജീവിതത്തിലും മിമിക്രി വേദികൾ ഉപേക്ഷിച്ചില്ല. കെഎസ്‌ടിഎ കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാംസ്ഥാനവും നേടി. കലോത്സവത്തിന് കുട്ടികളെയും മിമിക്രി പരിശീലിപ്പിച്ചു. സംസ്ഥാന അധ്യാപക പുരസ്‌കാരം, ഗാന്ധിദർശൻ അവാർഡ്, മികച്ച ഗാന്ധിദർശൻ കൺവീനർ അവാർഡ്, ഭിന്നശേഷിക്കാരനായ മികച്ച സർക്കാർ ജീവനക്കാരനുള്ള അവാർഡ്, പലതുള്ളി ജല പരിസ്ഥിതിസൗഹൃദ അധ്യാപക അവാർഡ്, ഗ്രീൻ സ്കൂൾ ടീച്ചർ അവാർഡ്, ഗാന്ധിദർശൻ സമഗ്രസംഭാവന പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന, മിമിക്രിയിലൂടെ ചിരിപ്പിക്കുന്ന മാഷിനോട് വിദ്യാർഥികൾക്കും പ്രിയം.









0 comments