Deshabhimani

കൺമുന്നിലെ ക്രൂരതയും തടയുന്നില്ലെങ്കിൽ പിന്നെന്തിന് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ് കിരൺബാബു

Published on Oct 05, 2026, 10:49 PM | 1 min read

തിരുവനന്തപുരം

കൺമുന്നിലൊരു ഭിന്നശേഷിക്കാരനെ സാമൂഹ്യവിരുദ്ധർ നിരന്തരം ആക്രമിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് പൊലീസ്. തമ്പാനൂർ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള ഭിന്നശേഷിക്കാരൻ ജോസഫിന്റെ ലോട്ടറിത്തട്ടിനുനേരെ വീണ്ടും അതിക്രമമുണ്ടായി. ഞായർ രാത്രി ലോട്ടറിത്തട്ടിന്റെ ഇരുമ്പ് ഗ്രില്ലുകൾ തകർത്ത് അക്രമികൾ ലോട്ടറിയും പണവും കവരാൻ ശ്രമിച്ചു. കടയ്ക്കുള്ളിലേക്ക് മാലിന്യവും മദ്യക്കുപ്പിയും വലിച്ചെറിഞ്ഞു. തിങ്കൾ രാവിലെ കട തുറക്കാനെത്തിയ ജോസഫും ഭാര്യ ശാന്തകുമാരിയും കണ്ടത് തകർന്ന ലോട്ടറിത്തട്ടും ഉള്ളിൽ ചിതറിക്കിടക്കുന്ന മാലിന്യങ്ങളുമാണ്. അരയ്ക്കുതാഴെ തളർന്ന, വ്യക്തമായി സംസാരിക്കാൻപോലുമാകാത്ത, ഭർത്താവിനെ ചേർത്തുപിടിച്ച് ആ സ്ത്രീ നടപ്പാതയിലിരുന്ന് വിതുമ്പുമ്പോൾ, തൊട്ടടുത്ത സ്റ്റേഷനിലെ പൊലീസുകാർ ഇതൊന്നും കാണുന്നേയില്ല. ജോസഫിനുനേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് സെപ്‌തംബർ 26ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ജോസഫിന്റെ പരാതിയിൽ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമീഷണർ തമ്പാനൂർ പൊലീസിനോട്‌ നിർദേശിച്ചു. ഒരാഴ്ച പിന്നിട്ടിട്ടും പ്രാഥമികാന്വേഷണം നടത്താനോ മൊഴിയെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല. പിന്നാലെയാണ് ജോസഫിനുനേരെ വീണ്ടും അതിക്രമമുണ്ടായത്. സ്റ്റേഷന് തൊട്ടുമുന്നിലെ ക്രൂരതപോലും തടയാനാകാത്ത പൊലീസ് എങ്ങനെയാണ് നാടിന്റെ ക്രമസമാധാനം സംരക്ഷിക്കുകയെന്ന് നാട്ടുകാർ ചോദിക്കുന്നു. വിദ്യാ‌ർഥിവേട്ടയ്ക്കും എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തുന്ന തിരക്കിനുമിടെ പൊലീസിന് ക്രമസമാധാനം പാലിക്കാൻ സമയം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. പവർഹൗസ് റോഡിൽ വനിതാ ഉദ്യോഗസ്ഥയുടെ കാർ തുറന്ന് ആക്രമിക്കാൻ ശ്രമിച്ച കേസിലും സിസിടിവി പരിശോധിക്കാതെ അതിർത്തിത്തർക്കം പറഞ്ഞ് തമ്പാനൂർ പൊലീസ് കേസ് ഒതുക്കിയിരുന്നു. ​വരട്ടെ, നോക്കാമെന്ന് എസ്എച്ച്ഒ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ "വരട്ടെ, നോക്കാം’ എന്നായിരുന്നു തമ്പാനൂർ എസ്എച്ച്ഒ ബി എസ് വിപിന്റെ മറുപടി. കമീഷണർ ഓഫീസിൽനിന്ന്‌ നിർദേശം ലഭിച്ചെന്നും അന്വേഷിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home