Deshabhimani

സ്‌കൂളുകൾക്കും 
ഫസ്റ്റ്‌ക്ലാസ്‌

ശ്രീകാര്യം എച്ച്എസ്എസിലെ ഹൈടെക് കെട്ടിട സമുച്ചയത്തിലെ സ്മാർട്ട് ക്ലാസ്സിലെ ഡിജിറ്റൽ ബോർഡിൽ 
എഴുതുന്ന കുട്ടികൾ (ഫയൽ ഫോട്ടോ)

ശ്രീകാര്യം എച്ച്എസ്എസിലെ ഹൈടെക് കെട്ടിട സമുച്ചയത്തിലെ സ്മാർട്ട് ക്ലാസ്സിലെ ഡിജിറ്റൽ ബോർഡിൽ 
എഴുതുന്ന കുട്ടികൾ (ഫയൽ ഫോട്ടോ)

avatar
ബിജോ ടോമി

Published on Oct 18, 2026, 12:14 AM | 1 min read

തിരുവനന്തപുരം

എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ പൊതുവിദ്യാലയങ്ങൾ എങ്ങനെ മാറിയെന്ന്‌ അറിയണമെങ്കിൽ ശ്രീകാര്യം ജിഎച്ച്എസിൽ എത്തിയാൽ മതി. അതിന്‌ സഹായകമായത്‌ കിഫ്‌ബിയും. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവർഷംമുമ്പ്‌ നിർമിച്ച ശ്രീകാര്യം ജിഎച്ച്എസിലെ പുതിയ കെട്ടിടം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നാടിന്‌ സമർപ്പിച്ചത്‌. ആകെ 9.50 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ്‌ സ്‌കൂളിൽ നടത്തിയത്‌. ക്ലാസ്‌മുറികളെല്ലാം എസിയാക്കി. മൂന്നുനിലകളിലായി 7000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മന്ദിരത്തിൽ 14 ക്ലാസ്‌മുറികളുണ്ട്‌. 75 ഇഞ്ച് പ്രൊഫഷണൽ എൽഇഡി മോണിറ്റർ, കംപ്യൂട്ടർ, മൈക്ക്, ഹെഡ്‌ഫോൺ, എക്സിക്യൂട്ടീവ് കസേര, ബാഗ് ട്രേ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ്‌ ഓരോ ക്ലാസ്‌മുറിയും. ആറ്‌ ലാബ്‌ റൂമുകൾ, ലൈബ്രറി, സ്റ്റാഫ് റൂം, ലിഫ്റ്റ്, എല്ലാ നിലകളിലും ശുചീകരണമുറികൾ എന്നിവയെല്ലാം അടങ്ങുന്നതാണ്‌ മന്ദിരം. ഇത്‌ ഇവിടത്തെമാത്രം കാഴ്ചയല്ല. ജില്ലയിൽ കിഫ്‌ബിയുടെ കരുത്തിൽ നൂറോളം സ്‌കൂളുകളിലാണ്‌ പുതിയ കെട്ടിടങ്ങൾ ഉയർന്നത്‌. ഡെസ്‌കും ബെഞ്ചും ചോക്കുപൊടി നിറഞ്ഞ ബോർഡും ഉൾപ്പെടുന്ന പഴയകാല ക്ലാസ്‌മുറികൾ ഓർമയായി. ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ വികസനത്തിന്‌ കിഫ്‌ബിവഴി ആകെ 842.26 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഇതിൽ 638.09 കോടി രൂപ ചെലവഴിച്ചു. പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളുടെ ഫലമായി ജില്ലയിലെ സ്‌കൂളുകളുടെ അക്കാദമിക്‌, അടിസ്ഥാന മേഖലകളിൽ വലിയ മുന്നേറ്റമുണ്ടായി. കിഫ്‌ബിയെ തകർക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ നീക്കം ശേഷിക്കുന്ന പദ്ധതികളുടെ പൂർത്തീകരണം അനിശ്ചിതത്വത്തിലാക്കും. സംസ്ഥാനത്ത്‌ 973 സ്‌കൂളുകളുടെ അടിസ്ഥാനസ‍ൗകര്യ വികസനത്തിന്‌ 3220 കോടി രൂപയുടെ പദ്ധതികൾക്കാണ്‌ കിഫ്‌ബി അംഗീകാരം നൽകിയത്‌. പുതിയ സ്കൂൾ കെട്ടിടങ്ങൾക്കുമാത്രം 141 സ്‌കൂളിന് അഞ്ചുകോടിവീതവും 386 സ്‌കൂളിന് മൂന്നുകോടിവീതവും 446 സ്‌കൂളിന്‌ ഒരുകോടി വീതവുമാണ് ലഭ്യമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home