ad
Deshabhimani

പാളയത്തിൽ പട; അഴിമതിക്കഥ പുറത്ത്‌

s
avatar
ബഷീർ അമ്പാട്ട്‌

Published on Oct 28, 2025, 12:36 AM | 3 min read


കൊണ്ടോട്ടി

യുഡിഎഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയിലെ അഴിമതി തുറന്നുപറഞ്ഞത്‌ നഗരസഭയിലെ കോൺഗ്രസ്‌ നേതാവ്‌. യുഡിഎഫ് ഭരണസമിതിക്കെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് കോൺഗ്രസ് നേതാവ് കെ കെ റഫീഖ് ഉയർത്തിയത്. കൊണ്ടോട്ടി ബസ്‌സ്‌റ്റാൻഡ്‌ നവീകരണത്തിലെ വൻ അഴിമതിമുതൽ പുതുതായി തുടങ്ങാനിരിക്കുന്ന പദ്ധതിയിലെ അഴിമതിവരെ സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാവ് വിളിച്ച് പറഞ്ഞു. ഇദ്ദേഹത്തെ ലീഗ്‌ സമ്മർദത്തിന് വഴങ്ങി പുറത്താക്കി. അഴിമതിയും കെടുകാര്യസ്ഥതയും അധികാര തർക്കവും തമ്മിലടിയും ധൂർത്തും കമീഷൻവാങ്ങലുമായി നഗരസഭ ജനവിരുദ്ധ കേന്ദ്രമായി മാറിയെന്ന്‌ ഇ‍ൗ വെളിപ്പെടുത്തലുകൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജിലൻസ് പരിശോധന നേരിട്ട നഗരസഭയാണ് കൊണ്ടോട്ടി. പട്ടികജാതി വിഭാഗത്തിന് ചെലവഴിക്കേണ്ട പദ്ധതി വിഹിതം ഉൾപ്പെടെ അഞ്ച് കോടിയോളം രൂപ നഗരസഭ നഷ്ടപ്പെടുത്തി. സ്വന്തമായി ഒരു പദ്ധതിയും അഞ്ച് വർഷംകൊണ്ട് പൂർത്തിയാക്കാനായില്ല. തൊട്ടതിലെല്ലാം അഴിമതി കാണിക്കുകയായിരുന്നു ഭരണ സമിതി.

അധികാര തർക്കവും തമ്മിലടിയും

​ലീഗ് കൗൺസിലർമാരുടെ തമ്മിലടിയും അധികാര തർക്കവും രൂക്ഷമാണ്‌. രണ്ട് വർഷം മുമ്പ് ഖരമാലിന്യ സംസ്‌കരണത്തിന് അന്നത്തെ നഗരസഭാ ചെയർപേഴ്സൺ അറിയാതെ ബിനാമി ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷെഡ് നിർമിച്ചത് വിവാദമായിരുന്നു. ഹരിത കർമസേനയ്‌ക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിലും വൻ വെട്ടിപ്പ്‌ നടന്നു.

സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ഉപകരണങ്ങൾ വാങ്ങുന്നതിന്‌ പകരം സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങി വൻ തുക കമീഷൻ പറ്റാൻ ശ്രമമുണ്ടായി. ഉദ്യോഗസ്ഥർ പരാതിപ്പെട്ടതിനെ തുടർന്ന് ജില്ലാ ജോയിന്റ്‌ ഡയറക്ടർ ഇടപെട്ടാണ്‌ കരാർ നീക്കം തടഞ്ഞത്‌. നഗരസഭയിലെ വാർഡുകളിൽ ബയോഗ്യാസ് പ്ലാന്റ്‌ സ്ഥാപിക്കുന്നതിലും അഴിമതി നടന്നു. ഇതിന്റെ മറവിൽ വൻ തുക കമീഷൻ പറ്റി.

കൊണ്ടോട്ടി ബസ്‌ സ്‌റ്റാൻഡ്‌ നവീകരണത്തിന്റെ മറവിലും വ്യാപകമായ അഴിമതിയാണ്‌ നടന്നത്‌. 1.47 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പദ്ധതിയെക്കുറിച്ച്‌ വിജിലൻസിന്‌ നിരവധി പരാതികളാണ്‌ ലഭിച്ചത്‌. നഗരസഭയിലെ നികുതി നിർണയം പൂർണമല്ലെന്നും അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയില്ലെന്നും ഓഡിറ്റ് വകുപ്പ് പരിശോധനയിൽ കണ്ടെത്തി. നികുതിയിനത്തിൽ ലക്ഷങ്ങളുടെ കുടിശ്ശികയാണ് കണ്ടെത്തിയത്. ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാകുന്നില്ല. നഗരസഭയ്‌ക്ക് കേന്ദ്രീകൃത മാലിന്യശേഖരണ സംസ്‌കരണ സംവിധാനമില്ല. ബസ് സ്‌റ്റാൻഡ് കെട്ടിടത്തിലായിരുന്നു താൽക്കാലിക എംസിഎഫ് പ്രവർത്തിച്ചത്. കെട്ടിടത്തിന് തീപിടിച്ചതോടെ പ്രവർത്തനം നിർത്തി. അജൈവ പാഴ്‌വസ്‌തുക്കൾ തരംതിരിക്കുന്നതിനും ശേഖരിക്കുന്നതിനും നഗരസഭയ്‌ക്ക് സംവിധാനമില്ല. വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ഇപ്പോൾ ദേശീയപാതയോരത്ത് കൂട്ടിയിടുകയാണ്.

പദ്ധതി *നടപ്പാക്കുന്നതിൽ വീഴ്‌ച

​പദ്ധതികൾ നടപ്പാക്കുന്നതിലും നഗരസഭാ ഭരണ സമിതിക്ക് വൻ വീഴ്‌ചയുണ്ടായി. സംസ്ഥാന സർക്കാർ നൽകിയ ഫണ്ടുകൾ യഥാസമയം ചെലവഴിക്കാതെ നഷ്ടപ്പെടുത്തി. റോഡുകൾക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമുള്ള കോടികളാണ്‌ നഗരസഭ നഷ്‌ടപ്പെടുത്തിയത്‌.

പുതിയ പ്രവൃത്തികൾ ആസൂത്രണംചെയ്ത് നടപ്പാക്കാനായില്ല. പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഫണ്ടിൽനിന്നും ലക്ഷങ്ങൾ വകമാറ്റി ചെലവഴിച്ചു.

തുറക്കൽ ചെമ്മലപ്പറമ്പിലെ പകൽ വീട്, കൊണ്ടോട്ടി ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രം, പഴയങ്ങാടിയിലെ വനിത ഹോസ്റ്റൽ, മുസ്ലിയാരങ്ങാടിയിലെ നഗര ആരോഗ്യ കേന്ദ്രം എന്നിവ ലക്ഷങ്ങൾ മുടക്കിയിട്ടും ലക്ഷ്യം കാണാത്ത കെട്ടിടങ്ങളാണ്. ഇന്നും പൂർണമായി അടഞ്ഞ് കിടക്കുകയാണ് ഈ കെട്ടിടങ്ങൾ.​

അമൃത് പദ്ധതിയും ലക്ഷ്യം കണ്ടില്ല

14,000 ഗുണഭോക്താക്കൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിഭാവന ചെയ്ത അമൃത് പദ്ധതിയും ലക്ഷ്യം കണ്ടില്ല. 16.5 കോടി അടങ്കലിലുള്ള പദ്ധതിയാണിത്. സംസ്ഥാന സർക്കാരിന്റെ ഫണ്ടുകളും ഇതിനായി അനുവദിച്ചു. 1.41 കോടി രൂപയാണ് നഗരസഭയുടെ വിഹിതം. ഇതിൽ 19.44 ലക്ഷം രൂപ മാത്രമാണ് നൽകിയത്.




a
മുഖഛായ മാറ്റി നിരവധി ജനോപകാര പദ്ധതികളാണ് ഭരണ സമിതി നടപ്പാക്കിയത്. പശ്ചാത്തല വികസനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൻ വികസന കുതിപ്പുണ്ടായി. നഗരസഭയുടെ തനത് ഫണ്ടും രണ്ടു കോടിയുടെ കിഫ്ബി ഫണ്ടും ഉപയോഗിച്ച് റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കി. ബസ് സ്റ്റാൻഡ് പുനരുദ്ധരിച്ചു. നഗരസഭാ ഓഫീസ് വിപുലീകരണവും ചുറ്റുമതിൽ പ്രവൃത്തിയും പൂർത്തീകരിച്ചു. കുടിവെള്ള വിതരണ മേഖലയിൽ വലിയ മുന്നേറ്റമുണ്ടായി. ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ഗ്രാമീണ മേഖലയുടെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചു. എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടമുണ്ട്.
നിത ഷഹീർ 
(ചെയർപേഴ്സൺ, കൊണ്ടോട്ടി നഗരസഭ)



a
പദ്ധതികളൊന്നും 
യാഥാർഥ്യമായില്ല ​ഓരോ വർഷവും ലക്ഷങ്ങൾ വകയിരുത്തുകയല്ലാതെ പദ്ധതികളൊന്നും പ്രാവർത്തികമാക്കാൻ യുഡിഎഫ് ഭരണസമിതിക്കായില്ല. കൊട്ടിഘോഷിച്ച പൂമ്പാറ്റ നഗരം പദ്ധതി, വലിയതോട് നവീകരണം, അന്താരാഷ്ട്ര നിലവാരമുള്ള മൈതാനം എല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. കുടിവെള്ള പദ്ധതിക്കായി സർക്കാർ അനുവദിച്ച ഫണ്ടും വിനിയോഗിച്ചില്ല. പദ്ധതി വിഹിതം പോലും ചെലവഴിക്കാത്ത നഗരസഭയായി കൊണ്ടോട്ടി മാറി. നഗരസഭയുടെ ഡയാലിസിസ് സെന്റർ നോക്കുകുത്തിയാണ്. മെഷിനുകൾ തുരുമ്പെടുത്ത് നശിച്ചു. 55 ലക്ഷം ചെലവിട്ട് നിർമിച്ച മുസ്ലിയാരങ്ങാടിയിലെ നഗര ആരോഗ്യ കേന്ദ്രവും 12 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പകൽവീടും അടഞ്ഞ് കിടക്കുകയാണ്. ബഡ്സ് സ്കൂൾ കെട്ടിടവും തുറന്നില്ല. ​
ശിഹാബ് കോട്ട (എൽഡിഎഫ്‌ അംഗം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home