ad
Deshabhimani

ജന്മനാട്ടിൽ നിറയെ സ്‌നേഹപ്പൂക്കൾ

a

കൊണ്ടോട്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ജിജിക്ക് കണ്ണത്തുംപാറയിൽ നൽകിയ സ്വീകരണം

avatar
ബഷീർ അമ്പാട്ട്‌

Published on Apr 03, 2026, 12:15 AM | 2 min read

കൊണ്ടോട്ടി

നാട്ടിടവഴികളിൽ സ്നേഹപ്പൂക്കളുമായി ജനം കാത്തുനിൽക്കുകയായിരുന്നു. ഓരോരുത്തരെയും പേരുവിളിച്ച്‌ ജിജി അടുപ്പം പുതുക്കി. ജന്മനാടായ വാഴക്കാട്ടെ എല്ലാവരെയും ജിജിക്കറിയാം. അതിന്റെ ഇഴയടുപ്പം സ്വീകരണങ്ങളിലെങ്ങും വ്യക്തം. കൊണ്ടോട്ടി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി ജിജിയെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം വൻ ആൾക്കൂട്ടമാണ് എടവണ്ണപ്പാറ പണിക്കര പുറായിയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയത്‌. സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് മുജീബ് വള്ളിക്കാടൻ സംസാരിക്കുന്നതിനിടെ സ്ഥാനാർഥിയെത്തി. പേരെടുത്ത് വിളിച്ചും കെട്ടിപ്പിടിച്ചും അനുഗ്രഹിച്ചും സെൽഫിയെടുത്തും അവർ സ്ഥാനാർഥിക്ക് വിജയാശംസ നേർന്നു. ‘ഇവൾ ഞങ്ങളുടെ മകളാണ്‌’– കർഷക തൊഴിലാളി എ കെ സരോജിനിയുടെ വാക്കുകൾ. ‘ഞാൻ വളർന്ന പ്രദേശമാണിത്. എനിക്ക് ഈ നാടിനെയും എന്നെ നാട്ടുകാർക്കുമറിയാം. ഈ നാട് വളർന്നതും മുന്നേറിയതും എൽഡിഎഫിലൂടെയാണ്. പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമാണ്. ചാലിയാറിനെ കുറുകെ യാഥാർഥ്യമാക്കിയത് രണ്ട് പാലങ്ങൾ. 123 കോടി ചെലവിട്ട് എടവണ്ണപ്പാറ അരീക്കോട് കൊണ്ടോട്ടി റോഡിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി. ഞാൻ പഠിച്ച ചാലിയപ്രം സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു. വാഴക്കാട് ഐടിഐക്കും പുതിയ കെട്ടിടമായി. ഇനിയും നമുക്ക് മുന്നേറണം’– ജിജിയുടെ അഭ്യർഥന. ​വാഴക്കാട് പഞ്ചായത്തിലെ പണിക്കരപ്പുറയിലായിരുന്നു അടുത്ത സ്വീകരണം. ‘മാവൂർ ഗ്വാളിയോർ കമ്പനിയിൽ കരാർ ജീവനക്കാരനായിരുന്നു ഞാൻ. തോണി കിട്ടാതെ ചാലിയാർ നീന്തിക്ക0ടന്നിട്ടുണ്ട്‌’–പുറായിലെ സി കുമാരൻ ഓർമ പങ്കിട്ടു. എഴുപത്‌ പിന്നിട്ട കോലോത്തുംകടവ് കെ പി അബ്ദുറഹ്മാൻ ജിജിയെ കാണാനും ആശീർവദിക്കാനുമെത്തി. ‘നല്ല മോളാണ്. ജയിച്ചാൽ നാടിനും നല്ലതേ വരൂ’– അബ്ദുറഹ്മാന്റെ വാക്കുകളിൽ വിജയത്തിന്റെ ഉറപ്പ്‌. കണ്ണത്തുംപാറയിൽ പടക്കംപൊട്ടിച്ചായിരുന്നു വരവേൽപ്പ്. അമ്മക്കൊപ്പം എത്തിയ അഞ്ചുവയസ്സുകാരി അനൗകി ജിജിക്ക്‌ മുത്തം നൽകി. ചെറുവട്ടൂർ, നൂഞ്ഞിക്കര, അനന്തായൂർ, ചൂരപ്പട്ട എന്നിവിടങ്ങളിലും വേനൽച്ചൂടിനെ വെല്ലുന്ന ആൾക്കൂട്ടം. ഉച്ചക്കുശേഷം മുണ്ടകശ്ശേരി, പുഞ്ചപ്പാടം, വാഴയൂർ, കക്കോവ് എന്നിവിടങ്ങളിലെല്ലാം ഹൃദ്യവരവേൽപ്പ്. രാത്രി പാറമ്മലിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ എ പി മോഹൻദാസ്, എം സ്വലാഹ്, വി രാജഗോപാലൻ, മുഹമ്മദ് ജിഫ്രി തങ്ങൾ, ഒ കെ അയ്യപ്പൻ, മുജീബ് വള്ളിക്കാടൻ, സി ഭാസ്കരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home