ad
Deshabhimani

മഴ അവധിയിലും ഹാജർ നിർബന്ധം

വിശ്രമമില്ലാതെ അങ്കണവാടി ജീവനക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ബഷീർ അമ്പാട്ട്‌

Published on Aug 10, 2026, 12:15 AM | 1 min read

കൊണ്ടോട്ടി

കുട്ടികൾക്ക് അവധി പ്രഖ്യാപിക്കുമ്പോഴും അങ്കണവാടി ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന നിർദേശം പ്രതിസന്ധിയാകുന്നു. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കലക്ടർ അവധി പ്രഖ്യാപിച്ചപ്പോഴും അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും ജോലിക്ക് ഹാജരാകേണ്ടിവന്നു. സുരക്ഷാമുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലുള്ള അവധി ദിവസങ്ങളിലും മഴയും വെള്ളക്കെട്ടും മറികടന്ന് കേന്ദ്രങ്ങളിലെത്തേണ്ട സാഹചര്യമുണ്ടായതായി ജീവനക്കാർ പറയുന്നു. അങ്കണവാടികളിൽ ഐസിഡിഎസ് ഓഫീസർമാരുടെയും സൂപ്പർവൈസർമാരുടെയും പരിശോധനകളും ഇത്തരം ദിവസങ്ങളിൽ നടക്കുന്നതിനാൽ അവധിയെടുക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലകളിലാണ് ഭൂരിഭാഗം അങ്കണവാടികളും പ്രവർത്തിക്കുന്നത്. കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലാകുകയും യാത്രാസൗകര്യം താറുമാറാകുകയുംചെയ്യുന്ന സാഹചര്യത്തിലും ജീവനക്കാർ ജോലിക്കെത്തണമെന്ന നിർദേശം തുടരുകയാണ്.

രാവിലെ ഒമ്പതുമുതൽ പകൽ മൂന്നരവരെയാണ് അങ്കണവാടികളുടെ പ്രവർത്തന സമയം. ഒരുമണിക്കൂർ ഫീൽഡ് സന്ദർശനവും നിർബന്ധമാണ്. അവധി പ്രഖ്യാപിച്ച ദിവസങ്ങളിൽ കുട്ടികൾക്കായി നൽകുന്ന സപ്ലിമെന്ററി പോഷകാഹാരം വീടുകളിലെത്തിച്ച് വിതരണംചെയ്യേണ്ട ചുമതലയും ജീവനക്കാർക്കുണ്ട്. അങ്കണവാടികൾക്ക് അവധി പ്രഖ്യാപിക്കുമ്പോൾ ജീവനക്കാർക്കുമാത്രം ഹാജർ നിർബന്ധമാക്കുന്നത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സർക്കാർ–സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇളവ് ലഭിക്കുമ്പോൾ കുറഞ്ഞ വേതനത്തിൽ സേവനംചെയ്യുന്ന അങ്കണവാടി ജീവനക്കാർക്ക് മാത്രമായി വ്യത്യസ്ത മാനദണ്ഡം തുടരുന്നത് നീതിയല്ലെന്നും അവർ പറയുന്നു. വർഷം മുഴുവൻ രണ്ടാംശനി ഒഴികെ ആഴ്ചയിൽ ആറുദിവസവും ഇവർ സേവനം അനുഷ്ഠിക്കണം. അങ്കണവാടി ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കുന്ന ശമ്പളത്തോടെയുള്ള അവധി വർഷത്തിൽ 20 ദിവസം മാത്രമാണ്. അതും ആനുപാതികമായാണ് അനുവദിക്കുന്നത്. അതിലധികം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ശമ്പളമില്ലാത്ത അവധിയാണ് ലഭിക്കുന്നത്.

​വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് സ്കൂളുകളിലെ അധ്യാപകരെപ്പോലെ ഔദ്യോഗികമായി വേനൽക്കാല അവധി അനുവദിച്ചിട്ടില്ല. അവർ ഓണറേറിയം അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സാമൂഹിക പ്രവർത്തകരായാണ് കണക്കാക്കപ്പെടുന്നത്. സർക്കാർ പ്രത്യേകമായി ഉത്തരവിറക്കാത്ത കുട്ടികളുടെ അവധി ദിവസങ്ങളിൽ ജീവനക്കാർക്ക് മാറിനിൽക്കാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home