മാരാരിക്കുളം വിശന്നിരിക്കാതെ 9 വർഷം
അന്നം മുറിയാതെ, ആശ മുറിക്കാതെ മുന്നോട്ട്

വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിലേക്ക് ജനകീയ അരി സമാഹരണം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനംചെയ്യുന്നു
കെ എസ് ലാലിച്ചൻ
Published on Apr 27, 2026, 12:47 AM | 1 min read
മാരാരിക്കുളം
മാരാരിക്കുളത്ത് ആരും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിലേക്ക് ഞായറാഴ്‌ച 2500 കിലോ അരി സമാഹരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാംവാർഡിലെ വീടുകളിൽനിന്നാണ് അരി സമാഹരിച്ചത്. മണ്ണഞ്ചേരി പഞ്ചായത്തിലെ 10 വാർഡുകളിൽ ഒരുമാസം ഒരുവാർഡ് എന്ന ക്രമത്തിലാണ് അരി സമാഹരിക്കുന്നത്. ഒന്പത് വർഷമായി ഒരുദിവസം പോലും മുടങ്ങാതെ 400 പേർക്ക് പദ്ധതിയിലൂടെ ഭക്ഷണം നൽകുന്നു. കിടപ്പുരോഗികൾ, മാരക അസുഖബാധിതർ, വയോജനങ്ങൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഒറ്റപ്പെട്ട് ജീവിക്കുന്നവർ, വരുമാനമാർഗമില്ലാത്ത നിരാലംബർ, അഗതിമന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി സമൂഹത്തിന്റെ ഏറ്റവും പിന്നാക്കത്തിലുള്ളവർക്കാണ് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്.ഈ പ്രവർത്തനത്തിന് പിന്നിൽ അക്ഷീണം പ്രവർത്തിച്ചുവരുന്നത് 120 ഓളം പാലിയേറ്റീവ് പ്രവർത്തകരാണ്. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷീന സനൽകുമാർ അരി സമാഹരണം ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ ഉല്ലാസ്, പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റ് ചെയർമാൻ പി ആർ സുനിൽകുമാർ, കൺവീനർ എസ് സജേഷ്, ഭാരവാഹികളായ കെ ആർ കവിത, ജോസ് ചാക്കോ, പി ടി സുരേഷ്, കെ എസ് ഹരിദാസ്, രാജു, ജയാസ് എന്നിവർ സ്‌ക്വാഡുകൾക്ക് നേതൃത്വം നൽകി.










0 comments