വിശപ്പുരഹിത മാരാരിക്കുളം പദ്ധതി 9–ാം വർഷത്തിലേക്ക്

വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ വാർഷികാഘോഷം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ജനകീയ അടുക്കളയിൽ ഭക്ഷണപ്പൊതി തയ്യാറാക്കി ഉദ്ഘാടനംചെയ്യുന്നു
മണ്ണഞ്ചേരി
മാരാരിക്കുളത്ത് ഒരാളുപോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിശപ്പുരഹിത മാരാരിക്കുളം പദ്ധതി ഒമ്പതാം വർഷത്തിലേക്ക്. ഇതുവരെ സൗജന്യമായി നൽകിയത് 12 ലക്ഷത്തോളം ഭക്ഷണപ്പൊതികൾ. വാർഷികാഘോഷം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. പദ്ധതി കേരളത്തിന് തന്നെ മാതൃകയായി. അതിദാരിദ്യ നിർമാർജനമെന്ന ആശയത്തിന് പിന്നിൽ ഇത്തരം പദ്ധതികളും കാരണമായിട്ടുണ്ടെന്നും നാസർ പറഞ്ഞു. പ്രായാധിക്യത്താലും അനാരോഗ്യത്താലും തനിയെ ആഹാരം പാചകംചെയ്‌ത് കഴിക്കാൻ കഴിയാതെ ഒറ്റപ്പെട്ട് താമസിക്കുന്ന 400 പേർക്കാണ് മാരാരിക്കുളത്തെ പാലിയേറ്റീവ് പ്രവർത്തകർ ദിനംതോറും രണ്ടുനേരത്തെ ഭക്ഷണം എത്തിക്കുന്നത്. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ 80 വാർഡുകളിലായി ഒറ്റപ്പെട്ട് താമസിക്കുന്നവരെയാണ് ഭക്ഷണം നൽകുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്. വളവനാട്, കാട്ടൂർ എന്നിവിടങ്ങളിലെ വയോജനസദനങ്ങളിലും പാതിരപ്പള്ളി, മംഗളാപുരം എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം എത്തിക്കുന്നുണ്ട്. മണ്ണഞ്ചേരിയിലെ പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റിന്റെ ജനകീയ അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. അതത് മേഖലകളിലെ പാലിയേറ്റീവ് പ്രവർത്തകരാണ് ഭക്ഷണം അർഹരുടെ വീടുകളിലെത്തിക്കുക. ദിവസേന നൂറോളം സന്നദ്ധപ്രവർത്തകരാണ് ഉച്ചയ്‌ക്ക് ഭക്ഷണ വിതരണത്തിനായി സമയം കണ്ടെത്തുന്നത്. ഒരാൾക്കുള്ള ഭക്ഷണത്തിന് 20 രൂപ ചെലവ് വരും. ഈ തുക സ്‌പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. ജന്മദിനം, വിവാഹവാർഷികം, പ്രിയപ്പെട്ടവരുടെ ഓർമദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ ഭക്ഷണം സ്‌പോൺസർ ചെയ്യാൻ കുറേയാളുകൾ താൽപ്പര്യം കാണിക്കുന്നുണ്ട്. എങ്കിലും മതിയായ തുക ലഭ്യമാകാത്തത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ അരി ഉൾപ്പെടെയുള്ള വിഭവസമാഹരണം നടക്കുന്നുണ്ട്. നൂറുരൂപ ചലഞ്ച് എന്ന നിലയിൽ ധനസമാഹരണവും നടത്തിയിരുന്നു. ജനകീയ അടുക്കളയ്‌ക്ക് സമീപം ചേർന്ന ചടങ്ങിൽ പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റ് ചെയർമാൻ പി ആർ സുനിൽകുമാർ അധ്യക്ഷനായി. ജീവതാളം പാലിയേറ്റീവ് ചെയർമാൻ പി രഘുനാഥ്, ജനറൽ കൺവീനർ ആർ റിയാസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ഡി മഹീന്ദ്രൻ, ലോക്കൽ സെക്രട്ടറി എസ് ഷിഹാബുദ്ദീൻ, പി എ ജുമൈലത്ത്, വി കെ ഉല്ലാസ്, പി കൃഷ്‌ണപിള്ള സ്‌മാരകട്രസ്‌റ്റ് ജനറൽ കൺവീനർ വി സജേഷ്, നൗഷാദ് പുതുവീട്, ജോസ് ചാക്കോ, പി വിനീതൻ എന്നിവർ സംസാരിച്ചു.










0 comments