ad
Deshabhimani

രണസ്‌മരണയിൽ വയലാർ

പുന്നപ്ര -–വയലാർ രക്തസാക്ഷി വാർഷിക വാരാചരണ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു                                    ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

പുന്നപ്ര -–വയലാർ രക്തസാക്ഷി വാർഷിക വാരാചരണ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Oct 28, 2025, 12:29 AM | 2 min read

ഫെബിൻ ജോഷി
വയലാർ വീരസ്മരണകളിലേക്ക് ആയിരങ്ങൾ ഇരച്ചെത്തി. പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിവീണവരുടെ പിന്മുറക്കാർ. അവരുടെ നിലക്കാത്ത മുദ്രാവാക്യങ്ങളിൽ വീരവയലാർ വീണ്ടും ത്രസിച്ചു. തോരാതെ പെയ്‌ത മഴയ്ക്കും ചുടുചോരവീണ വയലാറിന്റെ മണ്ണിനെ തണുപ്പിക്കാനായില്ല. മഴയെയും അവഗണിച്ച് രാവിലെമുതൽ സ്മൃതിമണ്ഡപത്തിലേക്ക് അണമുറിയാതെ പ്രകടനങ്ങളെത്തി. ചെഞ്ചോരക്കൊടികളേന്തി ഒഴുകിയെത്തിയ പ്രകടനങ്ങളിൽ കുട്ടികളും സ്ത്രീകളും യൂണിഫോം ധരിച്ച തൊഴിലാളികളും അണിനിരന്നു. രക്‌തസാക്ഷികളുടെ കുടുംബാംഗങ്ങളും വർഗബഹുജന സംഘടന പ്രവർത്തകരും ബഹുജനങ്ങളും വിദ്യാർഥികളുമടക്കം ആയിരങ്ങൾ സമരസഖാക്കളുടെ സ്മരണയ്ക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി. നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ മഴമേഘങ്ങളുടെ തണലിനു കീഴിൽ വയലാർ സമരഭൂമി കടുംചുവപ്പണിഞ്ഞു. പ്രകടനങ്ങളിൽ വാദ്യമേളങ്ങളും, തെയ്യം, തിറ തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു. അനശ്വര രക്തസാക്ഷി അനഘാശയൻ രക്തസാക്ഷിത്വം വരിച്ച മേനാശേരിയിൽ നിന്നുള്ള ദീപശിഖ പകൽ 11.48ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തി. ധീരരക്തസാക്ഷികളുടെ ഹൃദയരക്തത്തിൽ ചുവന്ന ചൊരിമണൽ ഗ്രാമങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങി പുന്നപ്രയിലെ രണധീരർ അന്തിയുറങ്ങുന്ന വലിയ ചുടുകാട് നിന്ന് മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരൻ കൊളുത്തി നൽകിയ ദീപശിഖ 12.05ന് സ്മൃതിമണ്ഡപത്തിലെത്തി. മുദ്രാവാക്യങ്ങൾ അലയടിച്ചു. മേനാശേരിയിൽ നിന്നുള്ള ദീപശിഖ അത്‌ലീറ്റ് വി കമറുദ്ദീനിൽനിന്നും ചുടുകാടുനിന്നുള്ള ദീപശിഖ അത്‌ലീറ്റ് അഫ്സൽ സെയ്‌തിൽനിന്നും കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ ഏറ്റുവാങ്ങി സ്മൃതി മണ്ഡപത്തിൽ സ്ഥാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരൻ, കേന്ദ്ര വാരാചരണ കമ്മിറ്റി സെക്രട്ടറി എൻ പി ഷിബു, ഇരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കളായ സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, കെ രാഘവൻ, എം സത്യപാലൻ, ജി ഹരിശങ്കർ, എ മഹേന്ദ്രൻ, എ എം ആരിഫ്, എച്ച് സലാം എംഎൽഎ, പി പി ചിത്തരഞ്ജൻ എംഎൽഎ, ടി കെ ദേവകുമാർ, എം എസ് അരുൺകുമാർ എംഎൽഎ, എം എച്ച് റഷീദ്, ജി രാജമ്മ, ജോൺ ഫെർണാണ്ടസ്, ആർ സുരേഷ്, പ്രഭാമധു, കെ കെ ജയമ്മ, ആർ രാഹുൽ, എം ശിവപ്രസാദ്, ജെയിംസ് ശമുവേൽ, എസ് സുരേഷ് കുമാർ, എൻ എസ് ശിവപ്രസാദ്, പി എസ് എം ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക്‌ സമ്മാനങ്ങൾ വിതരണംചെയ്‌തു. കലാപരിപാടികളും അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, മന്ത്രി സജി ചെറിയാൻ, കെ എച്ച്‌ ബാബുജാൻ, ടി ജെ ആഞ്ചലോസ്, വി എസ് സുനിൽകുമാർ എന്നിവർ പുഷ്‌പചക്രം സമർപ്പിച്ചു. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രവാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ അധ്യക്ഷനായി. ബിനോയ്‌ വിശ്വം, സി ബി ചന്ദ്രബാബു, മന്ത്രി പി പ്രസാദ്‌, ​കേന്ദ്രവാരാചരണ കമ്മിറ്റി സെക്രട്ടറി എൻ പി ഷിബു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home