അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്നദാനവുമായി വാവർപള്ളി പ്രതിനിധികൾ

അമ്പലപ്പുഴ മ
മതസൗഹാർദത്തിന് മാറ്റ് പകർന്ന് എരുമേലി വാവർപള്ളി പ്രതിനിധികൾ ഇക്കുറിയും അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ അന്നദാനം നടത്തി. ക്ഷേത്രം ഊട്ടുപുരയിൽ അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്നദാനത്തിന്റെ 21–-ാം ദിവസമായ ഞായറാഴ്‌ചയാണ് വാവർപള്ളി വകയായി അന്നദാനം നടത്തിയത്. പേട്ട തുള്ളലിനായി എരുമേലിയിലെത്തുന്ന അമ്പലപ്പുഴ സംഘം വാവർ പള്ളിയിലെ മതസൗഹാർദ സമ്മേളനത്തിൽ പങ്കെടുത്ത് ചന്ദനക്കുടത്തിന് വരവേൽപ്പ് നൽകുന്ന ചടങ്ങ് വർഷങ്ങളായുണ്ട്. ചെറിയമ്പലത്തിൽനിന്ന് പേട്ടകെട്ടിയിറങ്ങുന്ന സംഘത്തെ വാവർപള്ളിയിൽ പുഷ്‌പവൃഷ്‌ടി നടത്തിയും കളഭം തളിച്ചും പള്ളി ഭാരവാഹികൾ സ്വീകരിക്കും. വാവർ പ്രതിനിധിയും പേട്ടയ്‌ക്കൊപ്പമുണ്ടാകും. വലിയമ്പലത്തിൽ അമ്പലപ്പുഴ പെരിയോനെയും വാവർ പ്രതിനിധിയെയും ഒരേപോലെ സ്വീകരിക്കുന്ന ചടങ്ങുമുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിൽ വാവർ പള്ളി ഭാരവാഹികൾ തുടർച്ചയായ 15–-ാം വർഷമാണ് അന്നദാനം നടത്തുന്നത്. എരുമേലിയിലെ മതസൗഹാർദം അമ്പലപ്പുഴയിൽ ഉണ്ടാകണമെന്നും അമ്പലപ്പുഴ ക്ഷേത്രത്തിൽ വാവർ പള്ളി വകയായി അന്നദാനം നടത്തണമെന്നും മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നിർദേശത്തെത്തുടർന്നാണ് അന്നദാനം ആരംഭിച്ചത്. വാവർ പള്ളി സെക്രട്ടറി മിഥുലാജ്, വാവർ പ്രതിനിധി ആസാദ് താഴത്തുവീട്ടിൽ, പള്ളി ഭാരവാഹികളായ ഷഹനാസ്, നാസർ ചക്കാല എന്നിവരെ സംഘം ഭാരവാഹികളായ ആർ ഗോപകുമാർ, ജി ബിജു, കെ സി ഹരികുമാർ, ആർ മധു എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് അയ്യപ്പന്മാർക്ക് പള്ളി ഭാരവാഹികൾ അന്നം വിളമ്പി.










0 comments