പുതുവത്സരത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ക്രിസ്മസ്– പുതുവത്സര അവധി ആഘോഷിക്കാൻ ആലപ്പുഴ പുന്നമടയിൽ എത്തിയ സഞ്ചാരികൾ
ആലപ്പുഴ
പുതുവർഷം ആഘോഷമാക്കാൻ സഞ്ചാരികളെത്തിയതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ വൻതിരക്ക്. വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമെല്ലാം നിരവധി സഞ്ചാരികളാണ് ജില്ലയുടെ കായൽ സൗന്ദര്യത്തിനൊപ്പം കുട്ടനാടൻ ഭക്ഷണവിഭവങ്ങളുടെ രുചികൾ ആസ്വദിക്കാനെത്തുന്നത്. ധനുമാസകുളിരും കുട്ടനാടൻ വയലോരങ്ങളുടെ മനോഹാരിതയും മഞ്ഞും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് പകരുന്നത്. ഡിടിപിസിക്ക് കീഴിലുൾപ്പടെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും കഴിഞ്ഞദിവസങ്ങളായി തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ബുധനാഴ്‌ച തിരക്കേറും. ഹോം സ്‌റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, പുരവഞ്ചികൾ എന്നിവിടങ്ങളിലെല്ലാം ബുക്കിങ്ങിന് വൻ തിരക്കനുഭവപ്പെടുന്നു. കുടുംബമായും സംഘങ്ങളായുമാണ് മിക്കവരും എത്തുന്നത്. വിവിധ റസി. അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ, സംഘടനകൾ തുടങ്ങിയവയിൽ നിന്നാണ് ആളുകൾ കൂട്ടമായെത്തുന്നത്. വ്യാപാരകേന്ദ്രങ്ങൾ, ടൂറിസ്‌റ്റ് വാഹനങ്ങൾ എന്നിവയ്‌ക്കും നല്ല കൊയ്‌ത്താണ്. രണ്ടായിരത്തിലേറെ പുരവഞ്ചികൾ ഉള്ളതിനാൽ സഞ്ചാരികൾക്ക് പ്രശ്‌നങ്ങളുണ്ടാകില്ല. ഡബിൾ, ത്രിബിൾ ബെഡ്‌റൂമുകളുള്ള ഹൗസ് ബോട്ടുകളും ജില്ലയിലുണ്ട്. മാസങ്ങൾക്ക് മുന്പേ പലതും ബുക്ക് ചെയ്‌തുവെന്നും ഹൗസ് ബോട്ട് ഉടമകൾ പറഞ്ഞു.










0 comments