Deshabhimani

കറ്റാനത്ത്‌ വാതിൽ കുത്തിത്തുറന്ന്‌ കവർച്ച

അറസ്‌റ്റിലായത്‌
അന്തർ സംസ്ഥാന മോഷ്‌ടാക്കൾ

ഭരണിക്കാവ് കറ്റാനത്തെ കവർച്ചക്കേസിൽ അറസ്‌റ്റിലായത്‌ അന്തർസംസ്ഥാന മോഷ്‌ടാക്കളായ തിരുവനന്തപുരം സ്വദേശികൾ.
avatar
സ്വന്തം ലേഖകൻ

Published on Sep 12, 2026, 02:33 AM | 1 min read

മാവേലിക്കര

ഭരണിക്കാവ് കറ്റാനത്തെ കവർച്ചക്കേസിൽ അറസ്‌റ്റിലായത്‌ അന്തർസംസ്ഥാന മോഷ്‌ടാക്കളായ തിരുവനന്തപുരം സ്വദേശികൾ. ചിറയിന്‍കീഴ് മുടപുരം കീഴുവിലം കൊട്ടാരത്തില്‍ സിന്ധുഭവനം അനിൽ ദാസ് (ഡെപ്പി അനിൽ – -54), വള്ളക്കടവ് പള്ളത്ത് വീട്ടിൽ നസീർ (പൊലീസ് നസീർ – -54) എന്നിവരാണ് അറസ്‌റ്റിലായത്. വീട്ടുകാർ പുറത്തുപോയ സമയം വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് 30,000 രൂപയും 22 പവൻ സ്വർണവുമാണ്‌ കവർന്നത്‌. ഭരണിക്കാവ് പഞ്ചായത്തിലെ 11–-ാം വാര്‍ഡില്‍ വിളയില്‍ ജോര്‍ജിന്റെ വീട്ടില്‍ കഴിഞ്ഞ ശനി രാത്രിയിലായിരുന്നു മോഷണം. മകളുടെ കുഞ്ഞിനെ ഡോക്‌ടറെ കാണിക്കാൻ ജോർജും ഭാര്യയും മകളും മാവേലിക്കരയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് പ്രതികളെ പിടിച്ചത്. വീട്ടുകാര്‍ കാറില്‍ പുറത്തേക്ക് പോകുമ്പോൾ രണ്ടുപേര്‍ കാര്‍ പോയ ദിശയില്‍ നടന്നുപോകുന്നതും തിരികെ നടക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍നിന്ന്‌ ലഭിച്ചിരുന്നു. പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന അനില്‍ദാസും നസീറുമാണ് പ്രതികളെന്ന് വിശദമായ അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുനിന്നാണ്‌ പ്രതികളെ കസ്‌റ്റഡിയിലെടുത്തത്‌. മോഷണമുതൽ വിറ്റുകിട്ടിയ 14 ലക്ഷം രൂപയും നാലുപവൻ സ്വർണാഭരണങ്ങളും പ്രതികളിൽനിന്ന് കണ്ടെടുത്തു. മാന്നാർ, കുറത്തികാട്, പത്തനംതിട്ട കീഴ്‌വായ്‌പൂർ, കോയിപ്രം, പൂയപ്പള്ളി പ്രദേശങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കാസർകോട്‌ ജില്ലകളിലും തമിഴ്നാട്ടിലും മംഗലാപുരത്തും നിരവധി കേസുകൾ പ്രതികൾക്കെതിരെയുണ്ട്. ഇരുവരെയും റിമാൻഡ്ചെയ്‌തു. എസ്ഐ കെ ദിജേഷ്, എഎസ്ഐമാരായ രാജേഷ്‌കുമാര്‍, പി പ്രപഞ്ചേന്ദ്രലാല്‍, എസ്‌സിപിഒമാരായ ജി ഉണ്ണികൃഷ്‌ണപിള്ള, എം അന്‍ഷാദ്, ഐ മുഹമ്മദ് ഷെഫീഖ്‌, അരുണ്‍ ഭാസ്‌കര്‍, അനീഷ് ജി നാഥ്, സിപിഒമാരായ എ എസ് ഫിറോസ്, അബ്‌ദുള്‍ ജവാദ് എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home