കള്ളക്കേസിനെതിരെ തെരുവെരിയുന്നു...

പ്രതിപക്ഷനേതാവ് പിണറായി വിജയനെ കേസിൽ കുടുക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഗൂഢാലോചനയ-്ക്കെതിരെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രകടനം നടത്തുന്നു
ആലപ്പുഴ
ആർഎസ്എസ് – - യുഡിഎഫ് ഡീലിന്റെ ഭാഗമായി ഇഡി കത്തിന്റെ മറവിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎയെയും വേട്ടയാടാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ജില്ലയിൽ ആയിരങ്ങൾ തെരുവിലിറങ്ങി.
ഒരു വിശ്വാസ്യതയുമില്ലാത്ത എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് കേന്ദ്രസർക്കാരിനും ബിജെപിക്കുംവേണ്ടി സിപിഐ എമ്മിനെ വേട്ടയാടാനാണ് ഇല്ലാക്കഥകൾ മെനയുന്നത്. കേസിന്റെ വിവരങ്ങൾ പത്രങ്ങൾക്ക് ചോർത്തിക്കൊടുത്ത് അവരിലൂടെ കള്ളക്കഥകൾ പ്രചരിപ്പിക്കാനാണ് നീക്കം. ഇതിന് ചൂട്ടുപിടിക്കുന്ന യുഡിഎഫ് സർക്കാരിനെതിരായ ജനരോഷം പ്രതിഷേധത്തിൽ ഉയർന്നു.
തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടുപടിക്കലിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം ലോക്കൽ സെക്രട്ടറി ടി എ സുധാകരക്കുറുപ്പ് ഉദ്ഘാടനംചെയ്‌തു. ടി സുകുമാരി, ബെറ്റ്സി ജിനു, എം പ്രസന്നൻ, കെ വിനു, സി പ്രകാശ്, ശ്രീദേവി രാജേന്ദ്രൻ, സിബു വർഗീസ്, കെ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ആലപ്പുഴ ഏരിയ കമ്മറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. എവിജെ ജങ്ഷനിൽ ചേർന്ന പ്രതിഷേധസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. പി പി ചിത്തരഞ്‌ജൻ അധ്യക്ഷനായി. വി എൻ വിജയകുമാർ, പി പി പവനൻ, വി ടി രാജേഷ്, വി ജി വിഷ്‌ണു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments