ജനാവേശം കരുത്താക്കി എൽഡിഎഫ്
വിജയത്തുടർച്ചയുടെ പടയണി

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ് പത്രികാ സമർപ്പണത്തിന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം താലൂക്ക് ഓഫീസിലേക്ക് നീങ്ങുന്നു
ആലപ്പുഴ
അനശ്വരരായ ധീരരക്തസാക്ഷികളുടെ സ്വപ്‌നങ്ങൾ സഫലമാക്കുമെന്ന് ഉറപ്പുനൽകി ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. നാടിന്റെ മോചനത്തിനായി പൊരുതിയ രക്തസാക്ഷികളുടെ സ്‌മൃതികുടീരങ്ങളിൽ പുഷ്‌പാർച്ചന നടത്തിയാണ് സ്ഥാനാർഥികൾ പത്രിക നൽകാനെത്തിയത്. ഏഴ് സ്ഥാനാർഥികളാണ് ശനിയാഴ്‌ച പത്രിക സമർപ്പിച്ചത്. നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരും ബഹുജനങ്ങളും പ്രകടനമായി സ്ഥാനാർഥികളെ അനുഗമിച്ചു. അരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദലീമയും ചേർത്തലയിലെ സ്ഥാനാർഥി പി പ്രസാദും രാവിലെ ചേർത്തല താലൂക്ക് ഓഫീസിലെത്തി വരണാധികാരി മുമ്പാകെ പത്രിക നൽകി. ചെങ്ങന്നൂർ മണ്ഡലം സ്ഥാനാർഥി സജി ചെറിയാൻ ആർഡിഒ ഓഫീസിലും അമ്പലപ്പുഴ മണ്ഡലം സ്ഥാനാർഥി എച്ച് സലാം ആലപ്പുഴ കലക്‌ടറേറ്റിലുമെത്തി പത്രിക നൽകി. കായംകുളത്ത് യു പ്രതിഭ കാർത്തികപ്പള്ളി താലൂക്ക് ഓഫീസിലും മാവേലിക്കരയിൽ എം എസ് അരുൺകുമാർ മാവേലിക്കര താലൂക്ക് ഓഫീസിലും കുട്ടനാട്ടിൽ തോമസ് കെ തോമസ് മങ്കൊമ്പ് മിനി സിവിൽ സ്‌റ്റേഷനിലുമെത്തി വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചു. ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ്‌മോൻ തിങ്കളാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും. ആലപ്പുഴയിൽ പി പി ചിത്തരഞ്‌ജൻ നേരത്തേ പത്രിക നൽകിയിരുന്നു.










0 comments