ഉയരപ്പാതയിൽ അവസാന ഗർഡറും സ്ഥാപിച്ചു

അരൂർ -– തുറവൂർ ഉയരപ്പാതയുടെ 2566–ാം നമ്പർ ഗർഡർ അരൂർ എ ആർ ഹോട്ടലിന് സമീപം സ്ഥാപിക്കുന്നു
വി ജി ഹരിശങ്കർ
Published on Aug 07, 2026, 01:41 AM | 1 min read
അരൂർ
അരൂർ -– തുറവൂർ ഉയരപ്പാത നിർമാണം അന്തിമഘട്ടത്തിലേക്ക്. അവസാനത്തെ 2566–ാം- നമ്പർ ഗർഡർ അരൂർ എ ആർ ഹോട്ടലിന് സമീപമുള്ള ദേശീയപാതയിൽ സ്ഥാപിച്ചു. ഈ ഭാഗത്ത് സ്ഥാപിച്ച മറ്റ് ഗർഡറുകൾ ക്രമപ്പെടുത്താനുണ്ട്. ഒരുമാസത്തിനകം സ്ട്രക്ചറൽവർക്കുകൾ പൂർത്തിയാകുമെന്നും തുടർന്ന് അനുബന്ധമായ റോഡ് നിർമാണവും നടക്കുമെന്നും അധികൃതർ അറിയിച്ചു. ആറുമാസത്തിനകം എല്ലാ പണികളും പൂർത്തികരിക്കാനാണ് ശ്രമം. കേരളത്തിലെ ദേശീയപാത 66-ന്റെ വികസനത്തോടനുബന്ധിച്ച സുപ്രധാന പദ്ധതിയാണ് അരൂർ–-തുറവൂർ ഉയരപ്പാത. ഏകദേശം 12.75 കിലോമീറ്റർ നീളത്തിൽ ഇന്ത്യയിൽ ഒറ്റത്തൂണുകളിൽ നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയാണിത്. 1668 കോടി രൂപയാണ് എസ്‌റ്റിമേറ്റ്തുക. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ അശോക ബിൽഡ്കോൺ കമ്പനിയാണ് നിർമാണം- നടത്തുന്നത്. അരൂർമുതൽ തുറവൂർവരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകാനും ആലപ്പുഴയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് എളുപ്പത്തിൽ എത്താനും പാത സഹായിക്കും. സ്ഥലപരിമിതി ഒഴിവാക്കാൻ വലിയ ഒറ്റത്തൂണുകൾ സ്ഥാപിച്ചാണ് നിർമാണം. വാഹനങ്ങൾക്ക് ഇറങ്ങാൻ കുത്തിയതോട്, അരൂർ, ചന്തിരൂർ തുടങ്ങിയ ഇടങ്ങളിൽ സർവീസ് റോഡുകളുമായി ബന്ധിപ്പിക്കുന്ന റാമ്പുകളുണ്ട്. സർവീസ് റോഡുകളോട് ചേർന്ന് കാൽനട, ഇരുചക്ര വാഹന യാത്രികർക്ക് പ്രത്യേക സൗകര്യങ്ങളും വിഭാവനംചെയ്‌തിട്ടുണ്ട്.









0 comments