ad
Deshabhimani

1090 ജീവനക്കാരെ 31ന്‌ പിരിച്ചുവിടും

2.66 ലക്ഷം തൊഴിൽ നൽകിയ 
വിജ്ഞാനകേരളത്തിനും പൂട്ടിട്ടു

്്്
വെബ് ഡെസ്ക്

Published on Aug 26, 2026, 01:43 AM | 1 min read

ആലപ്പുഴ

സ്വകാര്യമേഖലയിൽ തൊഴിൽനേടാനും പരിശീലനത്തിനും യുവാക്കളെ സജ്ജരാക്കുന്ന ‘വിജ്ഞാനകേരളം’ പദ്ധതിക്ക്‌ താഴിട്ട്‌ യുഡിഎഫ്‌ സർക്കാർ. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ- ഡിസ്ക്) പദ്ധതിയിലെ 1090 കുടുംബശ്രീ ജീവനക്കാരെയാണ്‌ 31-ന് മുന്പ്‌ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടത്‌. കെ ഡിസ്‌ക്‌ മെന്പർ സെക്രട്ടറി കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർക്ക്‌ ഇതുസംബന്ധിച്ച കത്ത്‌ നൽകി. ജില്ലാ കോ–ഓർഡിനേറ്റർമാർക്കും കത്ത്‌ കൈമാറി. തൊഴിൽ മേളകൾ സംഘടിപ്പിക്കൽ, തൊഴിലന്വേഷകരെ ഏകോപിപ്പിക്കൽ, ജോബ് സ്റ്റേഷനുകളുടെ പ്രവർത്തനം എന്നിവയായിരുന്നു ജീവനക്കാരുടെ ചുമതല. പ്രദേശിക തലത്തിൽ തൊഴിൽരഹിതരെയും ദാതാകളെയും കണ്ടെത്തി പരിശീലനം നൽകിയിരുന്നു. ഇതിനായി കുടുംബശ്രീ സംസ്ഥാനതലത്തിൽ അഞ്ചംഗടീമിനെയും ജില്ലാ പ്രോഗ്രാം മാനേജറെയും തദ്ദേശസ്ഥാപനങ്ങളിൽ 1,071 കമ്യൂണിറ്റി അംബാസഡർമാരെയും നിയമിച്ചിരുന്നു. ഇവരെല്ലാം പ്രവർത്തനം അവസാനിപ്പിച്ച്‌ ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റും അന്തിമറിപ്പോർട്ടും 31ന്‌ മുന്പ്‌ നൽക്കാനാണ്‌ ഉത്തരവ്‌. ജില്ലാ പ്രോഗ്രാം മാനേജർമാർക്കും കമ്യൂണിറ്റി അംബാസഡർമാർക്കും ഇപ്പോൾ ശന്പളം കുടിശ്ശികയാണ്‌. പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി വിജയമായതോടെയാണ് 2025 ഏപ്രിലിൽ സംസ്ഥാന വ്യാപകമാക്കിയത്. 2026–-27 വർഷത്തോടെ അഞ്ചുലക്ഷംപേർക്ക്‌ തൊഴിലും രണ്ടുലക്ഷം വിദ്യാർഥികൾക്ക്‌ തൊഴിൽ നൈപുണ്യ പരിശീലനവും നൽകുകയായിരുന്നു ലക്ഷ്യം. ജൂൺ 11 വരെ 2,66,588 പേർക്ക്‌ വിജ്ഞാനകേരളം മുഖാന്തരം ജോലി ലഭിച്ചു. പ്രാദേശിക തൊഴിൽമേളകളിലൂടെ മാത്രം 77,450 പേർക്കാണ്‌ ജോലി ലഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home