മാലിന്യ ശേഖരണ യൂണിറ്റ് ജനവാസകേന്ദ്രത്തിൽനിന്ന് മാറ്റണം

വള്ളികുന്നം പഞ്ചായത്ത് നാലാം വാർഡ് കൊല്ലന്റയ്യത്ത് ജങ്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ ശേഖരണ യൂണിറ്റ്
ചാരുംമൂട്
വള്ളികുന്നം പഞ്ചായത്ത് നാലാം വാർഡ് കൊല്ലന്റയ്യത്ത് ജങ്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ ശേഖരണ യൂണിറ്റ് പരിസരവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. കാടുപിടിച്ചുകിടക്കുന്ന മാലിന്യശേഖരണ യൂണിറ്റിന്റെ ചുറ്റും പ്ലാസ്‌റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും നിറഞ്ഞിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നിയുടെയും തെരുവുനായ്‌ക്കളുടെയും ശല്യവും രൂക്ഷമാണ്. ഹരിതകർമസേനാംഗങ്ങൾക്ക് കൈകാര്യംചെയ്യാവുന്നതിലും കൂടുതലാണ് ഇവിടെ കുന്നുകൂടുന്ന മാലിന്യങ്ങൾ. മറ്റ് സ്ഥലങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട്. മാലിന്യശേഖരണ യൂണിറ്റ് ജനവാസമില്ലാത്ത ഒരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. വാർഡ് ജനപ്രതിനിധിയോടും പഞ്ചായത്ത് അധികാരികളോടും പലതവണ പറഞ്ഞെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ കുട്ടികളുടെയും പരിസരവാസികളുടെയും ജീവന് തന്നെ ഭീഷണിയായ മാലിന്യശേഖരണ യൂണിറ്റ് അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ ജെ രവീന്ദ്രനാഥ്, കെ ഓമനക്കുട്ടൻ, ഉദിത് ശങ്കർ, ബീന ചന്ദ്രൻ, ഭാസ്‌കരൻപിള്ള, ജനാർദനക്കുറുപ്പ് എന്നിവർ പങ്കെടുത്തു.











0 comments