റോഡില്‍ കുണ്ടുംകുഴികളും
തണ്ണീർമുക്കം ബണ്ടിൽ വൻ ഗതാഗതക്കുരുക്ക്

തണ്ണീർമുക്കം ബണ്ടിൽ ശനി ഉച്ചകഴിഞ്ഞ് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
ചേർത്തല
മഴയില്‍ കുണ്ടുംകുഴിയും രൂപപ്പെട്ട് തണ്ണീർമുക്കം ബണ്ടിലെ റോഡ് പൂർണമായി തകർന്നു. വാഹനങ്ങൾ റോഡിലൂടെ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് അതിരൂക്ഷ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നെഹ്‌റുട്രോഫി വള്ളംകളിയ്ക്ക് തണ്ണീർമുക്കംവഴി കൂടുതല്‍ വാഹനങ്ങൾഎത്തിയതാണ് കാരണം. റോഡിന്റെ ദുരവസ്ഥയും വാഹനപ്പെരുപ്പവും കാരണം നാട്ടുകാരും കാല്‍നടയാത്രക്കാരും കഷ്ടത്തിലാണ്. വാഹനങ്ങൾ ബണ്ട് പിന്നിടാൻ ഒന്നേകാൽ മണിക്കൂർവരെയെടുക്കുന്നു. ഇത് വൈക്കം–കുമരകം റോഡിലും ഗതാഗതക്കുരുക്കുണ്ടാക്കുന്നു. കിലോമീറ്ററോളം നീളത്തിലാണ് വാഹനങ്ങൾ ഇരുറോഡിലും കിടന്നത്. രോഗികളുമായി എത്തിയ ആംബുലൻസുകളും കടന്നുപോകാൻ പ്രയാസപ്പെട്ടു. മുന്പ് പ്രതിഷേധം ശക്തമായപ്പോള്‍ ജനകീയ ആവശ്യം കണക്കിലെടുത്ത് പൊതുമരാമത്ത് അധികൃതർ കുഴിയടച്ചെങ്കിലും മഴകനത്ത് വീണ്ടും കുഴികള്‍ രൂപപ്പെട്ട് റോഡ് പൂർണമായി തകർന്നു. നിലവിലെ ടാറിങ് പൊളിച്ച് മാറ്റി റീടാറിങ് നടത്തണമെന്നും കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധന റോഡിന്റെ ശോചീനിയാവസ്ഥ ഉടന്‍ പരിഹരിക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.









0 comments