എസ്‌എസ്‌എൽസി, പ്ലസ്‌വൺ പരീക്ഷകൾക്ക് തുടക്കം

ആലപ്പുഴ എസ്ഡിവി ഗേൾസ് ഹൈസ-്കൂളിൽ ആദ്യദിനം എസ്എസ്എൽസി പരീക്ഷയ-്ക്ക് എത്തിയ വിദ്യാർഥി ഹാളിലേക്ക് കയറുന്നതിന് മുമ്പായി സഹപാഠിക്ക് വിജയാശംസ നേരുന്നു ഫോട്ടോ : കെ എസ് ആനന്ദ്
ആലപ്പുഴ
എസ്എസ്എൽസി, ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകൾക്ക് തുടക്കമായി. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ച തുടങ്ങും. ആദ്യ ദിനത്തിൽ ഒന്നാം ഭാഷ എസ്‌എസ്‌എൽസി വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കിയില്ല. വളച്ചൊടിച്ച് ബുദ്ധിമുട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഇല്ലാതിരുന്നതിനാൽ സമ്മർദമില്ലാതെ പരീക്ഷ പൂർത്തിയാക്കാൻ വിദ്യാർഥികൾക്കായി. മോഡൽ എക്സാമിലെ ചോദ്യങ്ങളെക്കാൾ എളുപ്പമായിരുന്നെന്നും ഒന്നാം ഭാഷയായിരുന്നതിനാൽ എത്രയെഴുതിയിട്ടും മതിയായില്ലെന്നും സമയം പോരാതെയായെന്നുമുള്ള അഭിപ്രായത്തിലാണ് വിദ്യാർഥികൾ. കടുത്ത വേനൽ പരീക്ഷയെ ബാധിക്കരുതെന്ന നിർബന്ധത്തിൽ മുറികളിൽ കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഭിന്നശേഷി കുട്ടികൾക്കായി താഴത്തെ നിലകളിൽ തന്നെ ഇരിപ്പിടങ്ങളുടെ സൗകര്യവുമൊരുക്കി. നേരത്തെ സ്കൂളിലെത്തിയ വിദ്യാർഥികൾ ഒന്നിച്ചു സംശയം തീർത്തും ആശങ്കകൾ പങ്കുവച്ചും അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. 9.25ന്റെ ആദ്യ ബെല്ലോടെ പരസ്പരം വിജയാശംസകൾ നേർന്നു ക്ലാസിലേക്ക്. 15 മിനിറ്റ് കൂൾ ഓഫ് ടൈമിനു ശേഷം ചോദ്യപേപ്പർ വിതരണം ചെയ്തു. 11.15- ഓടെ പരീക്ഷ അവസാനിച്ചു. ആദ്യ പരീക്ഷ കുടുക്കിലാക്കാത്തതിനാൽ വരും പരീക്ഷകളും ഇതേ പാറ്റേണിലായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. ജില്ലയിൽ 20,316 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. 10,165 ആൺകുട്ടികളും 10,151 പെൺകുട്ടികളുമാണുള്ളത്. തിങ്കളാഴ്ചയാണ് അടുത്ത പരീക്ഷ.











0 comments