തൊഴിലുറപ്പ് പദ്ധതി അട്ടിമറി
കെഎസ്‍കെടിയു പ്രതിഷേധത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഐക്യദാർഢ്യം

ആലപ്പുഴ
കേന്ദ്ര നയത്തിനെതിരെ കെഎസ്‍കെടിയു ജൂലൈ ഒന്നിന് ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിന് എൻആർഇജി വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂണിയൻ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് എസ് പവനനാഥനും സെക്രട്ടറി പി പി സംഗീതയും അഭ്യര്‍ഥിച്ചു. ഗ്രാമീണ ജനതയുടെ നിയമപരമായ തൊഴിൽ സുരക്ഷയായ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി പകരം കോർപറേറ്റുകളെയും കരാറുകാരെയും സഹായിക്കുന്ന വിബിജി റാംജി പദ്ധതി അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയം തിരുത്തണം. തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ ലഭിക്കുന്നത് ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇത് കോടിക്കണക്കിന് ജനങ്ങളുടെ കടബാധ്യത, അടിമത്തം, കുടിയേറ്റം, അപകടകരമായ തൊഴിൽ എന്നിവയിലേക്ക് തള്ളിവിടും. കർഷക തൊഴിലാളികളെ മാത്രമല്ല, ഗ്രാമീണ തൊഴിൽ, പൊതുനിക്ഷേപം എന്നിവയുമായി അടുത്തുനിൽക്കുന്ന കർഷകരെയും പൊതുസമൂഹത്തെയും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്നത് ബാധിക്കും. ഗ്രാമീണ ദരിദ്രരെ കടുത്ത കടക്കെണിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിടും. പദ്ധതി ഉടനടി പിൻവലിക്കണം. വർഷത്തിൽ കുറഞ്ഞത് 200 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പാക്കണം. വിലക്കയറ്റത്തിന് ആനുപാതികമായി വേതനം വർധിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.










0 comments