പുനർഗേഹം: 84 ഫ്ലാറ്റ് ഇൗ മാസം അവസാനത്തോടെ

പുനർഗേഹം
ആലപ്പുഴ
പുനർഗേഹം പദ്ധതിയുടെ ഭാഗമായി പുറക്കാട് മണ്ണുംപുറത്ത് നിർമിക്കുന്ന ഫ്ലാറ്റുകളിൽ 84 എണ്ണം ജനുവരി അവസാനത്തോടെ കൈമാറാനാകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നിർമാണ പുരോഗതി വിലയിരുത്തണമെന്നും പി പി ചിത്തരഞ്‌ജൻ എംഎൽഎ ആവശ്യപ്പെട്ടു. പുരവഞ്ചിയിലെ സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്‌കരണത്തിന് നടപ്പാക്കുന്ന കണ്ടെയ്നർ മോഡൽ എസ്ടിപി പദ്ധതിയും ചെട്ടിക്കാട് ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കലും ചെത്തി ഹാർബർ നിർമാണവും എത്രയും വേഗം പൂർത്തിയാക്കണം. ദേശീയപാതയിലെ കൊമ്മാടി ഭാഗത്തെ ഇരുവശങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തിരമായി ദേശീയപാതാ അതോറിറ്റി പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കുട്ടനാട് കുടിവെള്ള പദ്ധതിയും നീരേറ്റുപുറം ജലശുദ്ധീകരണ ശാലയുടെ 30 എംഎൽഡി പ്ലാന്റ് നിർമാണവും എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും നിർമാണപുരോഗതി വിലയിരുത്താൻ ഈ മാസംതന്നെ യോഗം വിളിച്ചുചേർക്കണമെന്നും തോമസ് കെ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കുട്ടനാട് മണ്ഡലത്തിലെ സ്‌കൂൾ ഗ്രൗണ്ടുകൾ മണൽ ഉപയോഗിച്ച് ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. നവകേരള സദസിനെ തുടർന്ന് ജില്ലയിൽ അംഗീകാരം ലഭിച്ച പദ്ധതികളുടെ അവലോകനം നടന്നു.










0 comments