പ്രൗഢം, സുന്ദരം; സിവിൽ സർവീസ് അക്കാദമി ജില്ലാ കേന്ദ്രം

ചെങ്ങന്നൂർ
സിവിൽ സർവീസ് അക്കാദമിയുടെ ജില്ലാ കേന്ദ്രമായി ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് നിർമിച്ച കെട്ടിട സമുച്ചയം ബുധൻ വൈകിട്ട് അഞ്ചിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്കായി 2005ൽ സംസ്ഥാന സർക്കാർ ആരംഭിച്ച സ്ഥാപനമാണ് സിവിൽ സർവീസ് അക്കാദമി. 2014ൽ കല്ലിട്ട കെട്ടിടത്തിന്റെ നിർമാണം പല ഘട്ടങ്ങളിൽ തടസപ്പെട്ടിരുന്നു. തുടർന്ന് മന്ത്രി സജി ചെറിയാന്റെ നിർദേശത്തിൽ 2022ൽ നിർമാണം പുനഃരാരംഭിച്ച് മൂന്നുഘട്ടങ്ങളിലായാണ് പ്രൗഢവും സുന്ദരവുമായ കെട്ടിടം പൂർത്തീകരിച്ചത്. മന്ത്രി സജി ചെറിയാന്റെ ആസ്‌തിവികസന ഫണ്ടിൽനിന്ന് നൽകിയ 90 ലക്ഷം ഉൾപ്പെടെ 2.4 കോടി രൂപയാണ് നിർമാണച്ചെലവ്.അടുത്ത ഘട്ടത്തിൽ ഫർണിച്ചർ വാങ്ങാൻ എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും ഇലക്‌ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്‌മാർട്ട് ബോർഡുകളും അത്യാധുനിക സൗകര്യങ്ങളുമടങ്ങിയ അഞ്ച് എസി പഠനമുറികൾ, ഫാക്കൽറ്റി, കോ–ഓർഡിനേറ്റർ, ലൈബ്രറി, വായനമുറികൾ, ശുചിമുറി ബ്ലോക്ക് തുടങ്ങി 8322 ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടത്തിൽ സ്വകാര്യസ്ഥാപനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, ഫൗണ്ടേഷൻ കോഴ്സ്, കോളേജ് വിദ്യാർഥികൾക്ക് പ്രിലിംസ് കം മെയിൻസ് കോഴ്സ് തുടങ്ങിയവയാണ് മിതമായ നിരക്കിൽ അക്കാദമി ഒരുക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്‌കോളർഷിപ്പുകളും ലഭിക്കും.










0 comments