പ്രളയ ദുരിതമിറങ്ങാതെ കുട്ടനാട്
വാഗ്‌ദാനം വെള്ളത്തിൽ; എംഎൽഎ അമേരിക്കയിൽ


സ്വന്തം ലേഖകൻ
Published on Sep 24, 2026, 02:37 AM | 1 min read
ആലപ്പുഴ
വെള്ളപ്പൊക്കം കഴിഞ്ഞ് 54 ദിവസമായിട്ടും കുട്ടനാട്ടിലെ ദുരിതത്തിന് അറുതിയില്ല. അടിയന്തര സഹായം പോലും പൂർണമായി ലഭിക്കാതെ പതിനായിരങ്ങൾ വലയുകയാണ്. ചികിത്സയ്‍ക്കും നിത്യച്ചെലവുകൾക്കും പണമില്ലാത്ത കുടുംബങ്ങളുടെ ദുരിതം സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. സഹായവിതരണം വൈകുന്നതിന് പുറമെ അർഹരുടെ പട്ടിക റവന്യൂവകുപ്പ് പുറത്തുവിടാത്തതും പ്രതിഷേധത്തിനിടയാക്കി. ആര്‍ക്കൊക്കെ സഹായം ലഭിച്ചെന്നും ആരൊക്കെ പട്ടികയിൽനിന്ന് പുറത്തായെന്നും വ്യക്തമല്ലാത്ത സാഹചര്യത്തിൽ ദുരിതബാധിതരുടെ കാത്തിരിപ്പ് നീളുകയാണ്. 48,000 അപേക്ഷകരിൽ നിലവിൽ 10,000ഓളം പേർക്കാണ് തുക ലഭിച്ചത്. ഇതിൽ മിക്കവർക്കും 5000 രൂപ മാത്രമാണ് ലഭിച്ചത്. 32,000 പേരുടെ അപേക്ഷ അംഗീകരിച്ച് ട്രഷറിയിലേക്ക് കൈമാറിയെന്ന് പറഞ്ഞ് ദുരന്തനിവാരണ ഉദ്യോഗസ്ഥർ കൈയൊഴിയുകയാണ്. ഇവരുടെ അക്കൗണ്ടിൽ 5000 രൂപ ലഭിച്ചെന്ന് സ്ഥിരീകരണ റിപ്പോർട്ട് ലഭിക്കുന്നമുറയ്‌ക്ക് ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നേരിട്ട് ലഭിക്കുമെന്നുമാണ് വിശദീകരണം. എന്നാൽ ഇത് എന്ന് അക്കൗണ്ടിലെത്തുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ദിവസം 1000 അപേക്ഷകൾ പരിശോധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് ന്യായീകരണം. എൽഡിഎഫ് ഭരണകാലത്ത് എൻഎസ്‌എസ്, എൻസിസി ഉൾപ്പെടെ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് റവന്യൂവകുപ്പ് പരിശോധന വേഗത്തിൽ പൂർത്തിയാക്കിയത്. ദുരിതം ബാധിക്കാത്ത വില്ലേജിലെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും കൂടുതലായി നിയോഗിച്ചാണ് കൃത്യസമയത്ത് തുക കൈമാറിയത്. എംഎൽഎയ്‌ക്ക് മുഖ്യം ബിസിനസ് പ്രളയ ദുരിതബാധിതർക്ക് വേഗത്തിൽ സഹായം കിട്ടാൻ ഇടപെടാതെ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ അമേരിക്കയിലേക്ക് പോയതിലും പ്രതിഷേധം ശക്തമാണ്. ബിസിനസ് ആവശ്യങ്ങൾക്കായി 15നാണ് അമേരിക്കയിലേക്ക് പോയത്. കുട്ടനാട്ടിലെ ചമ്പക്കുളം ഉൾപ്പെടെ പല വില്ലേജുകളിലും ഫീല്‍ഡ് ലെവല്‍ പരിശോധന മന്ദഗതിയിലാണ്. കുട്ടനാടൻ ജനത സഹായത്തിന് സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോഴാണ് എംഎൽഎ വിദേശത്തേയ്‌ക്ക് പറന്നത്. ഒരാഴ്‌ചയ്‍ക്കുള്ളിൽ മുഴുവൻ അർഹർക്കും സഹായം എത്തിക്കുമെന്നായിരുന്നു എംഎൽഎയുടെ വാഗ്‌ദാനം. കുട്ടനാട് മണ്ഡലത്തിൽ 5000 പേർക്ക് പണം ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.









0 comments