ആദ്യപരാതി അതിവേഗം പരിഹരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

മാന്നാർ പഞ്ചായത്ത് പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഇന്റർലോക്ക് പാകുന്നു
മാന്നാർ
വ്യാപാരികൾ നൽകിയ പരാതിക്ക് ചുമതലയേറ്റ് ആദ്യദിനംതന്നെ പരിഹാരംകണ്ട് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ്. മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് അതിവേഗം പരിഹാരം കണ്ടെത്തിയത്. മാന്നാർ ടൗൺ വാർഡിൽ പോസ്റ്റ് ഓഫീസ് ജങ്ഷനിലെ റോഡിന്റെ പടിഞ്ഞാറുഭാഗത്ത് ഇന്റർലോക്ക് പാകുന്നതിനായി കുഴിയെടുത്തിട്ട് നാളുകളായിട്ടും നിർമാണം പൂർത്തീകരിക്കാത്തത് വ്യാപാരികൾക്ക് ഉൾപ്പെടെ ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞശേഷമാണ് പണിതുടങ്ങിയത്. കോയിക്കൽ കാവ് ഭാഗത്തേക്ക് പോകുന്ന കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് വ്യാപാരികൾ പഞ്ചായത്ത് പ്രസിഡന്റിനോട് പരാതിപ്പെട്ടത്. മറ്റു ഭാഗങ്ങളിൽ ഇന്റർലോക്ക് പാകിയിട്ടും ഇവിടെ മാത്രം ഒഴിവാക്കിയിട്ടിരിക്കുകയായിരുന്നു. ബി കെ പ്രസാദ് സ്ഥലം സന്ദർശിക്കുകയും പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച് നടപടികൾ വേഗത്തിലാക്കുകയായിരുന്നു. ബി കെ പ്രസാദിനെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ് അമ്പിളി, സെക്രട്ടറി റഷീദ് പടിപ്പുരയ-്‌ക്കൽ, യൂത്ത് വിങ് ഭാരവാഹികളായ സതീഷ് മഹാലക്ഷ-്‌മി, അജ്മൽ ഷാജഹാൻ എന്നിവർ അഭിനന്ദിച്ചു.










0 comments