പള്ളാത്തുരുത്തി പാലം ജനുവരിയിൽ

എ സി റോഡിൽ നിർമാണം പൂർത്തിയാകുന്ന പള്ളാത്തുരുത്തി പാലം

സ്വന്തം ലേഖകൻ
Published on Jan 02, 2026, 01:57 AM | 1 min read
ആലപ്പുഴ
ആലപ്പുഴ–ചങ്ങനാശേരി റോഡിലെ (എ സി റോഡ്) പള്ളാത്തുരുത്തി പാലം ജനുവരി 31 നകം പൂർത്തിയാകും. പാലത്തിന്റെ ഒരുഭാഗത്ത് ലാൻഡ് സ്‌പാനിന്റെ ജോലികൾ മാത്രമാണ് തീരാനുള്ളത്. ഇത് ഉടൻ പൂർത്തിയാകുമെന്ന് നിർമാണച്ചുമതലയുള്ള ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു. പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ എ സി റോഡ് നവീകരണവും പൂർത്തിയാവുകയാണ്. വെള്ളപ്പൊക്കമുണ്ടായാലും ഗതാഗതം മുടങ്ങാതിരിക്കാനാണ് എ സി റോഡ് നവീകരണം ആരംഭിച്ചത്. 2018 ലെ മഹാപ്രളയത്തെ തുടർന്നായിരുന്നു തീരുമാനം. കിടങ്ങറ, നെടുമുടി പാലങ്ങൾക്ക് ഒപ്പമാണ് പള്ളാത്തുരുത്തി പാലവും നിർമാണം തുടങ്ങിയത്. എന്നാൽ ദേശീയ ജലപാത ചട്ടത്തിന്റെ പേരിൽ നിർമാണം വൈകി. കിടങ്ങറ, നെടുമുടി പാലങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ദേശീയ ജലപാത ചട്ടത്തിന്റെ മാനദണ്ഡപ്രകാരം പള്ളാത്തുരുത്തിയിൽ നിലവിലുള്ള പാലത്തിനേക്കാളും ഉയരത്തിലാണ് പുതിയപാലം നിർമിച്ചത്. പഴയ പാലത്തിന് അപ്രോച്ച് നിർമിച്ചു. പടിഞ്ഞാറേക്കരയിൽ 4 സ്പാനുകളും കിഴക്കേക്കരയിൽ ഒരു സ്പാനും നിർമിച്ചാണ് അപ്രോച്ച് തയ്യാറാക്കിയത്.










0 comments