നെല്ല്–അരി അനുപാതത്തിൽ കുടുങ്ങി നെല്ല് സംഭരണം


സ്വന്തം ലേഖകൻ
Published on Oct 16, 2026, 12:40 AM | 1 min read
ആലപ്പുഴ
മില്ലുടമകൾ നെല്ല്–അരി അനുപാതം (ഒൗട്ട് ടേൺ റേഷ്യോ) പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയതോടെ കുട്ടനാട്ടിലെ നെല്ല് സംഭരണം കടുത്ത അനിശ്ചിതത്വത്തിൽ. ഒന്നാംവിളയുടെ കൊയ്ത്ത് തുടങ്ങിയെങ്കിലും തുലാവർഷം ശക്തിപ്പെടുമെന്ന സാഹചര്യമുള്ളതിനാൽ നെല്ല് നനഞ്ഞ് നശിക്കുമെന്ന ഭീതിയിലുമാണ് കർഷകർ. മില്ലുടമകൾ നെല്ല് കർഷകരിൽനിന്ന് സംഭരിച്ച് കുത്തി അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റൽ നെല്ലിന് സപ്ലൈകോയ്ക്ക് കൈമാറേണ്ട അരിയുടെ അനുപാതമാണ് ഒൗട്ട് ടേൺ റേഷ്യോ. കുട്ടനാട്ടിൽ ഇത് 66.5 കിലോഗ്രാമാണ്. എന്നാൽ കുട്ടനാട്ടിലെ നെല്ലിൽനിന്ന് ഇത്രയും അരി നൽകാനാകില്ലെന്നും നഷ്ടം വരുന്നതിനാൽ 64 കിലോയാക്കി ക്രമീകരിക്കണമെന്നുമാണ് മില്ലുടമകളുടെ നിലപാട്. എൽഡിഎഫ് സർക്കാർ മില്ലുടമകളുമായി ചർച്ച ചെയ്ത് നഷ്ടം വരുന്നത് പരിഹരിക്കാൻ നടപടി സ്വീകരിച്ചാണ് നെല്ല് സംഭരണം വേഗത്തിലാക്കിയത്. ഇത്രയും ജാഗ്രതയോടെയുള്ള പ്രവർത്തനം ഇപ്പോൾ യുഡിഎഫ് സർക്കാർ നടത്താത്തതാണ് പ്രശ്നം സങ്കീർണമാക്കിയതെന്ന് കർഷകർ പറയുന്നു. പല പേരുകളിലും നെല്ലിന് മില്ലുടമകൾ കിഴിവ് ഇൗടാക്കുന്നതായും പരാതിയുണ്ട്. ഇങ്ങനെ ഇൗടാക്കുന്ന നെല്ലിന് രേഖയില്ല. തരിശുകിടക്കുന്ന പാടങ്ങൾ ഏറ്റെടുത്ത് കൃഷിചെയ്തെന്ന് വരുത്തി കിഴിവ് ഇൗടാക്കുന്ന നെല്ലിന് പിആർഎസ് വാങ്ങിയെടുത്ത് തിരിമറി നടത്തുന്ന രീതിയും വ്യാപിക്കുന്നുണ്ട്. ഒന്നാംവിള നെൽകൃഷി വിളവെടുപ്പ് ആരംഭിച്ചെങ്കിലും പുഞ്ചകൃഷി നെല്ലിന്റെ സംഭരണവില ഇതുവരെ കൊടുത്തുതീർന്നിട്ടില്ല. 7.78 കോടി രൂപയാണ് കർഷകർക്ക് ഇനിയും കൊടുത്തുതീർക്കാനുള്ളത്. ഇത്തവണ ഒന്നാംവിളയുടെ സംഭരണ രജിസ്ട്രേഷൻ സെപ്തംബർ 30ന് അവസാനിച്ചിരുന്നു. ഇതുവരെ സംഭരണത്തിൽ സർക്കാർ കൃത്യമായ നയം പ്രഖ്യാപിച്ചിട്ടില്ല.









0 comments