Deshabhimani

ജനറൽ ആശുപത്രി

എക്‍സറേ ഫിലിമില്ല; 
രോഗികൾ ദുരിതത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2026, 12:41 AM | 1 min read

ആലപ്പുഴ

ആലപ്പുഴ ജനറൽ ആശുപത്രിയിൽ എക്സ്റേ ഫിലിം ലഭ്യമല്ല. എക്സ്റേ എടുത്ത ശേഷം ഫിലിമിന് പകരം ഡിജിറ്റൽ പകർപ്പ് രോഗികളുടെ മൊബൈൽ ഫോണിലേക്ക് അയച്ചു നൽകുകയാണിവിടെ. സ്മാർട്ട്ഫോൺ കൈവശമില്ലാത്ത സാധാരണക്കാരായ രോഗികളും പ്രായമായവരും ഇതോടെ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്. കൂടാതെ, ഫോണിൽ ലഭിക്കുന്ന എക്സ്റേ ചിത്രങ്ങളിൽ വ്യക്തത കുറവായതിനാൽ കൃത്യമായ രോഗനിർണയം നടത്താൻ പ്രയാസമാണെന്ന് ഡോക്ടർമാരും ചൂണ്ടിക്കാണിക്കുന്നു. 
 ചില അവസരങ്ങളിൽ കൂടുതൽ വ്യക്തതയ്ക്കായി രോഗികൾക്ക് പുറമെയുള്ള സ്വകാര്യ സ്കാനിങ്‌ സെന്ററുകളിൽ പോയി ഉയർന്ന തുക നൽകി എക്സ്റേ ഫിലിമുകൾ പ്രിന്റ് ചെയ്യേണ്ട അവസ്ഥയുമുണ്ട്. 
 നിർധന രോഗികൾക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കേണ്ട സർക്കാർ ആശുപത്രിയിലാണ് അനാസ്ഥ തുടരുന്നത്‌. ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പും അടിയന്തരമായി ഇടപെട്ട് എക്സ്റേ ഫിലിമുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും രോഗികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാരും രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home