നഗരം നായപ്പേടിയിൽ
നടപടിയില്ലാതെ നഗരസഭ

‘നായാ’ധിപത്യം ആലപ്പുഴ ബീച്ചിൽ തെരുവുനായയുടെ അടുത്തുനിന്ന് ഓടിമാറുന്ന അമ്മയും കുട്ടിയും ഫോട്ടോ: കെ എസ് ആനന്ദ്

സ്വന്തം ലേഖകൻ
Published on May 10, 2026, 01:17 AM | 1 min read
ആലപ്പുഴ
തെരുവുനായ ഭീഷണിയിൽ വലഞ്ഞ് ആലപ്പുഴ നഗരം. വിനോദസഞ്ചാരകേന്ദ്രമായ പുന്നമടയും റെയിൽവേസ്‌റ്റേഷനും എസ്‌ഡിവി സ്‌കൂൾ പരിസരവും ബീച്ചും തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം നായ്‌ക്കൾ കീഴടക്കി താവളമാക്കി. നായ്ക്കൾ കടികൂടുന്നതും വാഹനങ്ങൾക്ക് മുന്നിലേക്ക് ഓടിക്കയറുന്നതും യാത്രക്കാർക്കടക്കം പ്രശ്‌നമാകുന്നു. രാത്രികാലങ്ങളിൽ കൂട്ടമായി നടക്കുന്ന നായ്ക്കൾ ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്തെങ്കിലും സംഭവങ്ങളുണ്ടായതിന് ശേഷം കുറച്ചു ദിവസത്തേക്ക് മാത്രമായ മാത്രമേ നഗരസഭയുടെ നടപടികളെന്ന് വിമർശമുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം മാലിന്യ നിർമാർജനത്തിലെ വീഴ്ചയാണെന്നാണ് ആരോപണം. പലരും ഭക്ഷ്യാവശിഷ്ടം പൊതുസ്ഥലങ്ങളിൽ തള്ളുന്നതോടെ നായ്ക്കൾ കൂട്ടമായി എത്തുന്നു. മാർക്കറ്റ് പ്രദേശങ്ങളിലും ബസ് സ്റ്റാൻഡുകളിലും മാലിന്യം കെട്ടിക്കിടക്കുന്നത് നായ്ക്കളുടെ സാന്നിധ്യം വർധിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു.











0 comments