എ മഹേന്ദ്രൻ പ്രസിഡന്റും ഷീന സനൽകുമാർ വൈസ്‌പ്രസിഡന്റുമാകും
ആലപ്പുഴയെ നയിക്കാൻ വീണ്ടും എൽഡിഎഫ്

ആലപ്പുഴ
എൽഡിഎഫ് തുടർച്ചയായി ഭരണം നിലനിർത്തുന്ന ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ എ മഹേന്ദ്രൻ അധ്യക്ഷനും ഷീന സനൽകുമാർ ഉപാധ്യക്ഷയുമാകും. ശനിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ്. 24 സീറ്റുള്ള ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 16 ഉം യുഡിഎ-ഫിന് എട്ടും അംഗങ്ങളാണുള്ളത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമായ എ മഹേന്ദ്രൻ വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ ആലപ്പി സഹകരണ സ്‌പിന്നിങ് മിൽ ചെയർമാൻ, സംസ്ഥാന ജയിൽ അഡ്വൈസറി ബോർഡ് അംഗം, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പോളി സമരമടക്കം ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായി. ജയിൽവാസവും അനുഭവിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി വല്യയ്യത്തുകിഴക്കതിൽ പരേതരായ അർജുനൻ ആചാരിയുടെയും ഭവാനിയമ്മയുടെയും മകനാണ്. വൈസ്‌ചെയർപേഴ്‌സണാകുന്ന ഷീന സനൽകുമാർ ആര്യാട് ഡിവിഷൻ അംഗമാണ്. സിപിഐ എം ഐക്യഭാരതം ലോക്കൽ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്, അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) ഏരിയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുൻ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആര്യാട് തറയിൽ അഡ്വ. ടി ജി സനൽകുമാറാണ് ഭർത്താവ്. മക്കൾ: അഡ്വ. ഗോപിക സനൽ, അഡ്വ. കൃഷ്‌ണ സനൽ.










0 comments