Deshabhimani

പാണാവള്ളി- –തേവര ബോട്ട് സർവീസിന് തുടക്കം

ബോട്ടിൽ പോകാം ബ്ലോക്കില്ലാതെ

Panavalli- Thevara Boat Service flagged off by Dalima MLA at Arukkutty Terminal

പാണാവള്ളി- – തേവര ബോട്ട് സർവീസ് അരൂക്കുറ്റി ടെർമിനലിൽ ദലീമ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

avatar
വി ജി ഹരിശങ്കർ

Published on Feb 09, 2025, 02:14 AM | 1 min read

അരൂർ
ദേശീയപാതയിലെ തിരക്ക് കുറയ്ക്കൽ ലക്ഷ്യമിട്ട് പാണാവള്ളി ഫെറിയിൽനിന്ന്‌ തേവര ഫെറിയിലേക്ക്‌ പുതിയ യാത്രാബോട്ട് സർവീസ്‌ തുടങ്ങി. അരൂക്കുറ്റി ബോട്ട് ടെർമിനലിൽ ദലീമ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. തേവരയിലേക്ക് ആരംഭിച്ച സർവീസ് ഉടൻ എറണാകുളം ജെട്ടിയിലേക്കുകൂടി നീട്ടാൻ നടപടി സ്വീകരിക്കുമെന്ന്‌ എംഎൽഎ പറഞ്ഞു. അരൂർ മേഖലയുടെ ജലഗതാഗത സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് വാട്ടർ മെട്രോ സർവീസ് എത്തിക്കുന്നതിനും പരിശ്രമിക്കും. ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷയായി. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്തംഗം പി എം പ്രമോദ്, ബി വിനോദ്, വിനു ബാബു, കെ ഡി പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു. തൊട്ടടുത്ത ജില്ലയാണെങ്കിലും എറണാകുളംവരെ പോയിവരണമെങ്കിൽ മണിക്കൂറുകൾ ചെലവാക്കേണ്ടിവരുന്ന അരൂർ നിവാസികളുടെ യാത്രാദുരിതത്തിന് പുതിയ ബോട്ട്‌ സർവീസ്‌ ആശ്വാസമാകും. ദിവസവും രാവിലെ 7.45ന് പാണാവള്ളി ബോട്ടുജെട്ടിയിൽനിന്ന്‌ തുടങ്ങി 8.10ന് പെരുമ്പളം മാർക്കറ്റ് ഫെറി, 8.30ന് അരൂക്കുറ്റി, 9.30ന് തേവരഫെറി എന്നിങ്ങനെയാണ് സർവീസ്. വൈകിട്ട് 5.30ന് തേവര ഫെറിയിൽനിന്ന്‌ പാണാവള്ളിയിലേക്ക്‌ സർവീസ്. 33 സീറ്റിന്റെ 2012 മോഡൽ ബോട്ടാണ് അനുവദിച്ചത്. ലാഭകരമായാൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. ദേശീയപാത നവീകരണം പുരോഗമിക്കുന്ന അരൂരിലെ യാത്രാദുരിതം പരിഹരിക്കണമെന്ന്‌ എംഎൽഎ നിയമസഭയിൽ അടിയന്തര സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന്‌ ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് പുതിയ ബോട്ട് സർവീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home