ad
Deshabhimani

പത്രിക സമർപ്പണം പൂർത്തിയായി

അതിവേഗം മുന്നിൽ എൽഡിഎഫ്‌

അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം കച്ചേരിമുക്കിൽ വോട്ട് അഭ്യർഥിക്കുന്നു

അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം കച്ചേരിമുക്കിൽ വോട്ട് അഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 24, 2026, 01:39 AM | 2 min read

ആലപ്പുഴ

നിയമസഭാ തെരഞ്ഞെടുപ്പിന്‌ 16 ദിവസം ശേഷിക്കെ, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയായപ്പോൾ ഒമ്പത്‌ മണ്ഡലങ്ങളിലും കളം പിടിച്ച്‌ എൽഡിഎഫ്‌. മീനച്ചൂടിൽ തളരാതെ എൽഡിഎഫ്‌ സ്ഥാനാർഥികളും പ്രവർത്തകരും ഒന്നടങ്കം തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമാണ്‌. സ്ഥാനാർഥികൾക്കൊപ്പവും അല്ലാതെയും സ്‌ക്വാഡു തിരിഞ്ഞുമുള്ള വോട്ടഭ്യർഥനകൾ തുടങ്ങി. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസുകൾ കഴിഞ്ഞദിവസങ്ങളിൽതന്നെ തുറന്നു. സഥാനാർഥിപ്രഖ്യാപനത്തിന്റെ അന്ന്‌ മുതൽ സ്ഥാനാർഥികൾ റോഡ്‌ ഷോ നടത്തിയിരുന്നു. പഞ്ചായത്തുകളും മണ്ഡലവും കേന്ദ്രീകരിച്ച്‌ സ്ഥാനാർഥികൾ ഉൾപ്പെട്ട റോഡ്‌ ഷോകളും പ്രവർത്തകരെ ആവേശത്തിലാഴ്‌ത്തുന്ന ബൈക്ക്‌ റാലികളും തുടരും. സ്ഥാനാർഥികളുടെ പൊതുപര്യടനം തുടങ്ങിയാൽ പ്രചാരണം ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ എത്തും. 30, 31, ഏപ്രിൽ 1, 2 തീയതികളിലാണ്‌ പൊതു സ്വീകരണ പര്യടനം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, മറിയം ധാവ്‌ളെ, മുതിർന്ന നേതാക്കളായ ബൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നിവർ പങ്കെടുക്കുന്ന പൊതു പരിപാടികളും നടക്കാനുണ്ട്‌. പിണറായി വിജയൻ ജില്ലയിലെത്തുന്നതോടെ പ്രവർത്തകരുടെ ആവേശം പതിൻമടങ്ങാകും. തിങ്കളാഴ്‌ച എൽഡിഎഫ്‌ ഹരിപ്പാട്‌ മണ്ഡലം സ്ഥാനാർഥി ടി ടി ജിസ്‌മോൻ പത്രിക സമർപ്പിച്ചതോടെ മുഴുവൻ സ്ഥാനാർഥികളുടെയും പത്രിക സമർപ്പണം പൂർത്തിയായി. പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്‌ കടന്നു. പ‍ൗരപ്രമുഖരുമായുള്ള കൂടിക്കാഴ്‌ചയും വ്യക്‌തിപരമായുള്ള വോട്ടുതേടലും വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി സന്ദർശനവും വീടുകയറലുമാണ്‌ ആദ്യഘട്ടങ്ങളിൽ പ്രധാനമായും നടത്തിയത്‌. ആദ്യഘട്ടങ്ങളിലെ പ്രചാരണങ്ങളുടെ ആവർത്തനത്തിനൊപ്പം കുടുംബയോഗങ്ങൾ, ശേഷിക്കുന്ന ബൂത്ത്‌ കൺവൻഷനുകൾ എന്നിവ പൂർത്തിയാക്കും. അടുത്ത റ‍ൗണ്ട്‌ ഗൃഹസന്ദർശനം തുടരും. വികസന രേഖ, തെരഞ്ഞെടുപ്പ്‌ മാനിഫെസ്‌റ്റോ എന്നിവ പുറത്തിറങ്ങുന്നതോടെ എൽഡിഎഫ്‌ മുന്നോട്ട്‌ വയ്‌ക്കുന്ന വികസന രാഷ്‌ട്രീയം വോട്ടർമാർക്ക്‌ കൂടുതൽ വ്യക്‌തമാകും.

നാട്‌ നെഞ്ചേറ്റിയ സലാം

അമ്പലപ്പുഴ ​

വികസനനായകനെ നെഞ്ചേറ്റി നാട്‌. അമ്പലപ്പുഴ കച്ചേരിമുക്കിൽ വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർഥി എച്ച്‌ സലാമിനാണ്‌ തങ്ങളുടെ വോട്ടെന്ന്‌ വ്യാപാരികളുടെയും നാട്ടുകാരുടെയും ഉറപ്പ്‌. നാടിന്റെ നീതിബോധം ജയിക്കണമെന്ന്‌ ഉറപ്പിച്ചുപറയുകയാണ്‌ വോട്ടർമാർ. പകൽ 3.30 ഓടെയാണ് എച്ച് സലാം വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിക്കാനെത്തിയത്. മണ്ഡലത്തിലാകെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തീർത്ത വികസനപ്രവർത്തനങ്ങൾക്കും തുടങ്ങിവച്ച വികസനപദ്ധതികളുടെ പൂർത്തീകരണത്തിനും തുടർ വികസനപ്രവർത്തനങ്ങൾക്കുമായി വോട്ട് അഭ്യർഥിച്ച എച്ച് സലാമിനെ നാട്‌ ഏറെ ആവേശത്തോടെയാണ് വരവേറ്റത്. ഓട്ടോറിക്ഷാ തൊഴിലാളികളെ കണ്ടും എച്ച് സലാം വോട്ട് അഭ്യർഥിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ കവിത, വൈസ്‌പ്രസിഡന്റ്‌ എസ് ഗീത, അംഗം ശ്രീജ രതീഷ്, എൽഡിഎഫ് പ്രവർത്തകരായ പി അരുൺകുമാർ, പ്രശാന്ത് എസ് കുട്ടി, ഗോപൻ കരുമാടി, അഡ്വ. കരുമാടി ശശി, ജി വേണുലാൽ, സലാം അമ്പലപ്പുഴ, എ രമണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. അമ്പലപ്പുഴ കിഴക്ക്, വണ്ടാനം, പുന്നപ്ര വടക്ക് മേഖലാ കൺവൻഷനുകളിലും എച്ച് സലാം പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home