നാടിന്റെ മുന്നേറ്റം ചിത്രീകരിച്ച് നാടകവണ്ടി

പുരോഗമന കലാസാഹിത്യസംഘം നാടകത്തിൽനിന്ന്
ആലപ്പുഴ
അതിഥി തൊഴിലാളിയായ സ്ത്രീ യുപിയിൽനിന്ന് കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുമ്പോൾ കുട്ടിക്ക് നന്നായി പനിക്കുന്നു. ആശുപത്രിയിലേക്ക് എത്തിക്കുന്നവരോട് കൈയ്യിൽ പൈസയില്ല എന്ന് കരഞ്ഞു പറയുന്ന അമ്മയോട് കേരളത്തിൽ ചികിത്സ സൗജന്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് തുടക്കം. യുപിയിൽ ചാണകവും ഗോമൂത്രവുമാണ് മരുന്ന് എന്ന് കേൾക്കുമ്പോൾ കാണികൾക്ക് ചിരിയടക്കാനാവുന്നില്ല. ഇതിനിടയിൽ കയറിവരുന്ന നുണേശൻ തന്റെ യാത്ര കടന്നുവരുന്നതിനെപ്പറ്റിയും അധികാരത്തിൽ വന്നാൽ പഴയ കേരളം പോലാക്കാൻ പദ്ധതിയിട്ടിട്ടുള്ള കാര്യം പറയുമ്പോൾ ചായക്കടയിൽ ചായകുടിക്കാൻ വന്നയാളുകൾ പഴയപൊട്ടിപ്പെളിഞ്ഞ റോഡുകൾ കൊണ്ടുവരല്ലേ എന്നും, സ്കൂളും ആശുപത്രിയും പ്രവർത്തനരഹിതമാക്കരുതെന്നും പെൻഷനുകളില്ലാതെ ജനങ്ങളെ തൂങ്ങിച്ചാകാൻ വിടരുതെന്നും മറുപടി നൽകുന്നു. "എ റിയൽ കേരള സ്റ്റോറി" എന്ന നാടകവുമായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നാടകവണ്ടി പര്യടനം തുടരുകയാണ്. എൽഡിഎഫ് സർക്കാരിന്റെ 10വർഷത്തെ വികസനങ്ങൾ, അത് നാട്ടിലുണ്ടാക്കിയ മുന്നേറ്റം എന്നിവയാണ് പ്രമേയം. ആലപ്പുഴ മണ്ഡലത്തിൽനിന്ന് ആരംഭിച്ച നാടകവും നൃത്തശിൽപ്പവും അടങ്ങുന്ന കലാജാഥ അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മവേലിക്കര, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങൾ പിന്നിട്ട് ചേർത്തലയിലേക്കും അരൂരിലേക്കും കടന്ന് അഞ്ചിന് സമാപിക്കും. എസ് മഞ്ജു, രമേശ്, വിനോദ് അചുംബിത, ചേർത്തല രാജൻ, മുരളീകൃഷ്ണൻ, വി എസ് കുമാരിവിജയ, ലതിക ഷാജിയും, അജിത, തങ്കം, സെബാസ്റ്റ്യൻ, ജയപാൽ എന്നിവരാണ് അരങ്ങിൽ. നാടക രചന: കെ ബി അജയകുമാർ. സംവിധാനം: മനോജ് ആർ ചന്ദ്രൻ. കലാജാഥയുടെ മറ്റൊരു ഇനമായ നൃത്ത ശിൽപ്പത്തിന്റെ ഗാനരചന പുന്നപ്ര ജ്യോതികുമാറും സംഗീതം ആലപ്പി സുരേഷുമാണ്.










0 comments