Deshabhimani

കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സമ്മേളനം

സമ്മേളനത്തിനൊരുങ്ങി; സമര സ്‌മരണയോടെ കുട്ടനാട്

കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സമ്മേളനം നടക്കുന്ന  വേദിയും പരിസരവും  അലങ്കരിച്ചപ്പോൾ

കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സമ്മേളനം നടക്കുന്ന വേദിയും പരിസരവും അലങ്കരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 08, 2026, 01:56 AM | 1 min read

മങ്കൊമ്പ്
ചെങ്കൊടി–തോരണങ്ങളാൽ സമ്മേളനനഗരി അണിഞ്ഞൊരുങ്ങി. വഴിയോരങ്ങളിൽ പാറുന്ന ചെങ്കൊടികൾക്കും ഉയരുന്ന മുദ്രാവാക്യങ്ങൾക്കുമിടയിൽ കള്ളുചെത്ത് വ്യവസായത്തൊഴിലാളികളുടെ സമരചരിത്രം പേറുന്ന കുട്ടനാട് അഞ്ചാം സംസ്ഥാന സമ്മേളനത്തെ വരവേൽക്കുകയാണ്. അവകാശപ്പോരാട്ടത്തിൽ രക്തസാക്ഷികളായ നാണപ്പന്റെയും ഗോപിയുടെയും വിദ്യാധരന്റെയും സോമശേഖരന്റെയും ചോര വീണ മണ്ണിൽ ആദ്യമായാണ് കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനവേദിയും പരിസരവും അലംകൃതമായതോടെ ഉത്സവ പ്രതീതിയിലാണ്. കള്ളുചെത്ത് തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ കുട്ടനാടിന്റെ മണ്ണിന് ചോരയുടെ ചരിത്രം കൂടിയുണ്ട്. നിരന്തര സമരങ്ങളുടെ ഫലമായി 1969ൽ ഇഎംഎസ് സർക്കാർ തൊഴിലാളികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തി. എന്നാൽ ഷാപ്പുടമകൾ ക്ഷേമനിധിയിലേക്ക് പണമടയ്ക്കാൻ തയ്യാറായില്ല. ഇതിന്‌ പിന്നിട്‌ വന്ന സർക്കാരും -ഉദ്യോഗസ്ഥരും പിന്തുണ നൽകി. ഇതോടെ തൊഴിലാളികൾ സമരം ശക്തമാക്കി. 1978ൽ കോൺഗ്രസ്‌ നേതാവും നെടുമുടി പഞ്ചായത്ത്‌ പ്രസിഡന്റും ഷാപ്പ്‌ മുതലാളിയുമായിരുന്ന കുഞ്ചപ്പൻ കോശിയുടെ സഹോദരൻ ജോർജ്‌ കോശി നടത്തിയിരുന്ന ഷാപ്പിലേക്ക്‌ യൂണിയൻ കൺവീനറായിരുന്ന നാണപ്പനെ വിളിച്ചുവരുത്തി. സമരത്തിൽനിന്ന് പിൻമാറണമെന്ന ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന്‌ നാണപ്പനെ വെടിവച്ചു കൊന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ കർഷകത്തൊഴിലാളി ഗോപിയും വെടിയേറ്റ് മരിച്ചു. 1989 സെപ്തംബർ 12ന് തിരുവോണനാളിൽ വെളിയനാട് കുന്നങ്കരി ഷാപ്പിൽ യൂണിയൻ മാനേജിങ്‌ കമ്മിറ്റി അംഗമായിരുന്ന വിദ്യാധരനെയും സഹോദരൻ സോമശേഖരനെയും മുതലാളിമാരുടെ ഗുണ്ടകൾ കൊലപ്പെടുത്തി. ഷാപ്പിലെ വ്യാജമദ്യ വിൽപ്പന തടഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. 2001ൽ യുഡിഎഫ് സർക്കാർ ഷാപ്പുകൾ നിർത്താൻ തീരുമാനിച്ചതിനെതിരായ ശക്തമായ സമരത്തിനും കുട്ടനാട് സാക്ഷിയായി. രാമങ്കരിയിലും മാമ്പുഴക്കരിയിലും പ്രവർത്തിച്ചിരുന്ന ഷാപ്പുകൾ തകർക്കാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ തൊഴിലാളികൾക്ക് ക്രൂരമർദനമേറ്റു. 23 തൊഴിലാളികളെ 22 ദിവസമാണ് സർക്കാർ ജയിലിലടച്ചത്. ഈ സമരപോരാട്ടങ്ങളുടെ ഓർമകൾ നിറഞ്ഞ മണ്ണിലാണ് ഇത്തവണ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം അരങ്ങേറുന്നത്. ചെങ്കൊടികൾ ഉയർത്തി, പഴയ പോരാട്ടങ്ങളുടെ ഓർമകളുമായി പുതിയ അവകാശപ്പോരാട്ടങ്ങൾക്ക് ദിശതേടി സമ്മേളനനഗരി തയ്യാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home