19ലും എ ഗ്രേഡ്; മിന്നി നായർസമാജം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ ടീം പ്രിൻസിപ്പൽ വി മനോജിനൊപ്പം
മാന്നാർ
കേരള സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗത്തിൽ 95 പോയിന്റോടെ മാന്നാർ നായർസമാജം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവുമായി ജില്ലയുടെ അഭിമാനമുയർത്തി. പങ്കെടുത്ത 19 ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് നേട്ടം . 23 വർഷമായി ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന നായർസമാജം ഹയർ സെക്കൻഡറി സ്കൂൾ മൂന്ന് തവണ ഒന്നാം സ്ഥാനവും അഞ്ച് തവണ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. 105 പോയിന്റ് നേടിയ പാലക്കാട് ആലത്തൂർ ഗുരുകുലം ബി എസ് എസ് ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. തിരുവാതിരകളി, പൂരക്കളി, കോൽക്കളി, വഞ്ചിപ്പാട്ട്, കഥകളി (ഗ്രൂപ്പ്), കഥകളി (സിംഗിൾ -പെൺകുട്ടികൾ), കഥകളി സംഗീതം (ബോയ്സ്), കൂടിയാട്ടം, ചവിട്ടുനാടകം, പണിയ നൃത്തം, മംഗലം കളി, സ്കിറ്റ് (ഇംഗ്ലീഷ്), മിമിക്രി, പ്രസംഗം (ഇംഗ്ലീഷ്), ഉപന്യാസ രചന (ഇംഗ്ലീഷ്), പദ്യം ചൊല്ലൽ (തമിഴ്), കഥാരചന (സംസ്കൃതം), കവിതാ രചന (സംസ്കൃതം), ശാസ്ത്രീയ സംഗീതം (പെൺകുട്ടികൾ) എന്നീ 19 ഇനങ്ങളിലായി 99 വിദ്യാർഥികളാണ് സ്കൂളിനായി മിന്നിയത്.










0 comments