ad
Deshabhimani

ആഭ്യന്തരമന്ത്രി അറിയുന്നുണ്ടോ.?

 പണമില്ല; പൊലീസ്‌ 
വാഹനങ്ങൾക്ക്‌ ഡീസലും   സഹപ്രവർത്തകയെ 
കടന്നു പിടിച്ച യാൾ തിരികെ സർവീസിൽ
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 02:31 AM | 2 min read

ഒരിടത്ത്‌ നെട്ടോട്ടം

ആലപ്പുഴ

ആഭ്യന്തരമന്ത്രിയുടെ സ്വന്തം ജില്ലയിൽ വാഹനങ്ങൾക്ക് ഇന്ധനം കിട്ടാതെ പൊലീസുകാരുടെ നെട്ടോട്ടം. മാസങ്ങളായി ഇന്ധനം നൽകിയതിന്‌ പണം മുടങ്ങിയതോടെ പമ്പ് ഉടമകൾ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് അവസാനിപ്പിച്ചു. 30 ഓളം സ്‌റ്റേഷനുകളിലെ വാഹനങ്ങൾ തൊട്ടടുത്ത പമ്പുകളിൽ നിന്നായിരുന്നു ഇന്ധനം നിറച്ചിരുന്നത്. ഏപ്രിൽ വരെ കുടിശ്ശികയില്ലാതെ പമ്പ് ഉടമകൾക്ക് പണം ലഭിച്ചിരുന്നു. മാസം 25,000 മുതൽ ഒരു ലക്ഷം രൂപവരെ ബില്ല്‌ ആകാറുണ്ട്‌. മെയ്‌ മുതൽ നൽകിയ ഇന്ധനത്തിന്റെ പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെവന്നതോടെയാണ്‌ ആഗസത്‌ മുതൽ വിതരണം നിർത്തിവച്ചത്‌. കനത്ത നഷ്ടം സഹിച്ച് അഞ്ച്‌ പമ്പുകൾ മാത്രമാണ് ഇപ്പോൾ ഇന്ധനം നൽകുന്നത്. സ്‌റ്റേഷനുകളിലെ തിരക്കുകൾക്കിടയിലും കിലോമീറ്ററുകൾ ദൂരെയുള്ള പമ്പുകളിൽ പോയി ഇന്ധനം നിറയ്ക്കേണ്ട ഗതികേടിലാണ് ജില്ലയിലെ പൊലീസ് സേന. കൈനടി പൊലീസ് സ്റ്റേഷൻ വാഹനം ഇന്ധനം നിറയ്ക്കുന്നത് 60 കിലോമീറ്റർ അപ്പുറത്തുള്ള മാവേലിക്കരയിലെ പമ്പിലായിരുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പമ്പിൽ നിന്നാണ് ഇപ്പോൾ കുട്ടനാട്ടിലെ വിവിധ സ്റ്റേഷനുകൾ ഇന്ധനം നിറയ്‌ക്കുന്നത്. മാത്രമല്ല ഇതിനായി കിലോമീറ്ററുകൾ പോകേണ്ടുന്ന വകയിലും ലക്ഷക്കണക്കിന് രൂപ സർക്കാരിന് നഷ്ടം വരുന്നുണ്ട്‌. ഇന്ധന ലഭ്യത കുറഞ്ഞതോടെ സ്റ്റേഷനുകളുടെ ദൈനദിന പ്രവർത്തനങ്ങള്‍ താളംതെറ്റി. ഇനിയും കുടിശ്ശിക തീർത്ത്‌ പണം നൽകിയില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ ദുസ്സഹമാകും.


ഒരിടത്ത്‌ കച്ചവടം

ആലപ്പുഴ

യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതിന്‌ പിന്നാലെ അധികാര ദുർവിനിയോഗത്തിന്‌ നടപടി നേരിട്ട്‌ പുറത്ത്‌ നിന്നവരുൾപ്പെടെ പൊലീസ്‌ സേനയിൽ. സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിൽ സസ്‌പെൻഷനിലായിരുന്ന കോൺഗ്രസ്‌ അനുകൂല പൊലീസ്‌ സംഘടനയുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച നേതാവിനടക്കം യുഡിഎഫ്‌ ടിക്കറ്റിൽ നിയമനമായി. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ നവംബർ ആറിന്‌ പുലർച്ചെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളിനെ കടന്നുപിടിച്ച പൊലീസുകാരനെ സർവീസിൽ തിരിച്ചെടുത്ത് കായംകുളം ട്രാഫിക്‌ വിഭാഗത്തിലാണ്‌ നിയമിച്ചത്‌. കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച പരാതിയിൽ സിസിടിവിയിൽ ദൃശ്യങ്ങൾ പരിശോധിച്ച്‌ ഇയാളെ സസ്പെൻഡ്‌ ചെയ്തു. അധികാര മാറ്റത്തിന്‌ പിന്നാലെ നേതാക്കളുടെ നേരിട്ടുള്ള ഇടപെടലിലാണ്‌ നേതാവ്‌ വീണ്ടും സർവീസിലെത്തിയത്‌. ശേഷം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയ ഇയാൾ, ജീവനക്കാരുടെ കസേരയിൽ കയറിയിരുന്നതായി വനിതാ ജീവനക്കാർ ഉൾപ്പെടെ ജില്ലാ പൊലീസ് മേധാവിയോട്‌ പരാതി പറഞ്ഞതായാണ് വിവരം. 2014–ൽ ലഹരി മാഫിയ തലവന്റെ മാരാരിക്കുളത്തുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ ലഹരിക്കാർക്കായി ഇടപെട്ട് നടപടി വാങ്ങിയ ഉദ്യോഗസ്ഥനെ തൂഫാന്റെ ചുമതലയുള്ള നർക്കോട്ടിക് സെല്ലിലേക്ക് നിയമിച്ചത്‌ മറ്റൊരു വിസ്മയം. ഈ ഉദ്യോഗസ്ഥനെ സ്വഭാവദൂഷ്യത്തിന് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ വിജിലൻസിൽനിന്നും സ്ഥലം മാറ്റിയതുമാണ്. വാഹനാപകട കേസുകളിൽ വക്കീലുമാരുമായി ചേർന്ന് ക്രമക്കേട് നടത്തിയതിന് കായംകുളം സ്റ്റേഷനിൽനിന്ന്‌ കരിയിലകുളങ്ങരയിലേക്ക്‌ പൊലീസുകാരനെ സ്ഥലം മാറ്റിയിരുന്നു. ഭരണം മാറിയതോടെ ഉദ്യോഗസ്ഥനെ വീണ്ടും കായംകുളത്തേക്ക് നിയമിച്ചതും പൊലീസിനുള്ളിൽ വലിയ ചർച്ചയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home