ആലപ്പുഴ സ്‌പിന്നിങ് മില്ലിന്റെ ഹരിതസംരംഭം
വിരിഞ്ഞു ആലപ്പി ഗാർഡൻസ്

കായംകുളം
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ സഹകരണ സ്‌പിന്നിങ് മില്ലിന്റെ ഹരിതസംരംഭമായ ആലപ്പി ഗാർഡൻസ് മന്ത്രി പി പ്രസാദ് നാടിന് സമർപ്പിച്ചു. സഹകരണ സ്ഥാപനങ്ങൾ സമൂഹത്തിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി വളരുകയും വികസിക്കുകയും വേണമെന്നും വില കുറച്ച് ഏറ്റവും ഗുണമേന്മയുള്ളത് ജനങ്ങൾക്ക് നൽകാൻ ഗാർഡൻസിനാകുമെന്നും മന്ത്രി പറഞ്ഞു. അത്യുൽപ്പാദന ശേഷിയുള്ള ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ, ഇൻഡോർ പ്ലാന്റുകൾ, ആകർഷകമായ ചെടിച്ചട്ടികൾ, വിവിധ തരം വളങ്ങൾ എന്നിവ ഗാർഡനിൽ ലഭിക്കും. ഉദ്ഘാടന ദിവസംമുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഗാർഡനിലെ തെരഞ്ഞെടുത്ത ഇനങ്ങൾ കോമ്പോ ഓഫറുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. അംഗം ഡി അംബുജാക്ഷി, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, അംഗം ദീപക് എരുവ, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ചെയർമാൻ കെ എസ് കൃപാകുമാർ, മാനേജിങ് ഡയറക്ടർ പി എസ് ശ്രീകുമാർ, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത് കുമാർ, ഗാർഡൻസ് കൺവീനർ ടി ആര്‍ വിജയകുമാർ, എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ബി രാജേന്ദ്രന്‍, കേരളാ കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏരിയാ സെക്രട്ടറി പ്രിയാ പ്രശാന്ത്, സ്‌പിന്നിങ് മില്‍സ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി ആര്‍ രാജീവ്, ആര്‍ ബിജു, എം ആശ എന്നിവർ സംസാരിച്ചു.










0 comments