ഹൈടെക്കായി കലവൂർ, കോമളപുരം വില്ലേജ് ഓഫീസ്

മാരാരിക്കുളം
ആലപ്പുഴ മണ്ഡലത്തിലെ കലവൂർ, കോമളപുരം വില്ലേജ് ഓഫീസുകൾ ഇനി സ്മാർട്ട്. ഇരു ഓഫീസുകളും മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനംചെയ്‌തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പ് വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജനസൗഹൃദവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കാൻ വില്ലേജ് ഓഫീസുകളിൽ ജനകീയ സമിതികൾ രൂപീകരിച്ചു. 21 ഓളം സേവനങ്ങൾ ഓൺലൈനാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. വരുംദിവസങ്ങളിൽ പാതിരപ്പള്ളി വില്ലേജ് ഓഫീസിന്റെ കല്ലിടലും മുല്ലയ്‌ക്കൽ വില്ലേജ് ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതോടെ മണ്ഡലത്തിൽ റവന്യു സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാകുമെന്ന് എംഎൽഎ പറഞ്ഞു. കലവൂർ വില്ലേജ് ഓഫീസിന് സമീപത്തും കൈതത്തിൽ ക്ഷേത്ര പരിസരത്തും സംഘടിപ്പിച്ച പ്രാദേശിക പരിപാടികളിൽ കലക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി , ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ബി ജിജിമോൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം വി രാജേഷ്, ശാലു രമേശ്, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ ജയസിംഹൻ, പി പി സംഗീത, ജി ബിജുമോൻ എന്നിവർ സംസാരിച്ചു.










0 comments