പഠനം തുടങ്ങാം പകിട്ടോടെ
കേരളത്തിന്റെ മുന്നേറ്റം രാജ്യത്തിനാകെ മാതൃക: മന്ത്രി

ചെന്നിത്തല തൃപ്പെരുന്തുറ ഗവ. യുപി സ-്കൂളിന് നിർമിച്ച കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ വിദ്യാഭ്യാസരംഗത്ത് കേരളം ആർജിച്ച നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയായെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാലയങ്ങളുടെ അടിസ്ഥാനവികസന സൗകര്യങ്ങൾക്കായി കിഫ്ബി വഴി 2460 കോടി ഉൾപ്പെടെ 5000 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു. അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വിദ്യാകിരണം മിഷൻ പദ്ധതിയിലൂടെ കിഫ്ബി ഫണ്ടിൽനിന്ന് 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. വിദ്യാഭ്യാസമേഖലയ്‌ക്ക് ഇത്രയധികം പരിപോഷണം ലഭിച്ച മറ്റൊരു കാലയളവില്ലെന്നും പഠനനിലവാരം ഉയർത്തുന്നതിനും വിദ്യാലയ സൗകര്യങ്ങളും പരിസരവും കാത്തുസൂക്ഷിക്കുന്നതിനും അധ്യാപകരും രക്ഷകർത്താക്കളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആർഡിഡി സുധ റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, പ്രഥമാധ്യാപകൻ എം നിശാന്ത് മോഹൻ, കെഎസ് സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, എം ശശികുമാർ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ശ്രീദേവി ബാലകൃഷ്‌ണൻ, എം ജി ജയകൃഷ്‌ണൻ, ബിപിഒ ജി കൃഷ്‌ണകുമാർ, മോഹൻ കൊട്ടാരത്തുപറമ്പിൽ, ടി കെ ഇന്ദ്രജിത്ത്, കെ എച്ച് രാജേഷ്, വി എസ് സവിത എന്നിവർ സംസാരിച്ചു.
കാർത്തികപ്പള്ളി
തൃക്കുന്നപ്പുഴ ആത്മവിദ്യാസംഘം ഗവ. എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് രണ്ടുകോടിയുടെ ഭരണാനുമതിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നങ്ങ്യാർകുളങ്ങര ഗവ. യുപി സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന വിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽനിന്ന് മൂന്ന് കോടി 12 ലക്ഷം മുതൽമുടക്കിയാണ് കെട്ടിടം നിർമിച്ചത്. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ കെ കെ രാമകൃഷ്‌ണൻ, സുബി പ്രജിത്ത്, കെ എം രാജു, കൗൺസിലർമാരായ വിനു ആർ നാഥ്, എസ് കൃഷ്‌ണകുമാർ, എസ് മിനി, നിർമലകുമാരി, മഞ്ജു ഷാജി, എസ് സുജ, വിനോദിനി തുടങ്ങിയവർ സംസാരിച്ചു.
മാന്നാർ
സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ചെലവിട്ടത് 5000 കോടി രൂപക്കുമേലാണെന്നും ഇതിന്റെ ഫലമായിട്ടാണ് സ്മാർട്ട് ക്ലാസ് മുറികളും മികച്ച വിദ്യാലയങ്ങളുമുണ്ടായതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഒരുകോടി രൂപ ഉപയോഗിച്ച് ചെന്നിത്തല തൃപ്പെരുന്തുറ ഗവ. യു പി സ്‌കൂളിന് പുതിയതായി നിർമിച്ച കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം കെ വിനു, പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ, ജില്ലാ പഞ്ചായത്തംഗം ജി ആതിര, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ദീപു പടകത്തിൽ, നിഷ സോജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഉമാ താരാനാഥ്, എഇഒ ഇൻ ചാർജ് എം വിനോദ് കുമാർ, സിപിഐ എം ഏരിയാ സെക്രട്ടറി പി എൻ ശെൽവരാജൻ, ഡോ. ടി എ സുധാകരക്കുറുപ്പ്, ഇ എൻ നാരായണൻ, അജിത് ആയിക്കാട്, ഭാസി ചോവാലിൽ, പ്രവീൺ കാരാഴ്മ, കെ പ്രസാദ്, ലേഖ സജീവ്, പ്രഥമാധ്യാപിക എം ആർ ശ്രീലേഖ എന്നിവർ സംസാരിച്ചു.










0 comments