ad
Deshabhimani

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾക്ക് തുടക്കം

ചന്ദ്രനിലെ വിവരങ്ങൾ ആലപ്പുഴയിലേക്ക്‌...

ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിൽ പൊതുവിദ്യാലയങ്ങൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിദ്യാർഥികൾ ഏറ്റുവാങ്ങിയപ്പോൾ

ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിൽ പൊതുവിദ്യാലയങ്ങൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിദ്യാർഥികൾ ഏറ്റുവാങ്ങിയപ്പോൾ

വെബ് ഡെസ്ക്

Published on Feb 08, 2026, 02:48 AM | 1 min read

ആലപ്പുഴ ​

പ്രഗ്യാൻ റോവർ സാങ്കേതികവിദ്യയുമായി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി. ചന്ദ്രയാൻ 3 ദൗത്യത്തിലെ ‘പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് ചന്ദ്രനിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതികവിദ്യ സ്‌കൂൾ വിദ്യാർഥികൾക്കും വശമാക്കാൻ അവസരമൊരുക്കിയാണ് സഹവാസ ക്യാമ്പ്. ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ജില്ലയിലെ 153 സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ഓൺലൈനായി നടത്തി. തെരഞ്ഞെടുത്ത 82 കുട്ടികൾക്ക് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷനിലും പരിശീലനം നൽകും. ​ഐഎസ്ആർഒയും നാസയും ബഹിരാകാശ ദൗത്യങ്ങളിൽ റോവറുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക തത്വങ്ങളാണ് ക്യാമ്പിലെ പ്രോഗ്രാമിങ് സെഷനുകളുടെ അടിസ്ഥാനം. കുറഞ്ഞ ബാൻഡ്‌വിഡ്‌ത്തിലും ഐഒടി ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് കുട്ടികൾ ഉപകരണങ്ങൾ തയ്യാറാക്കുന്നത്. ​റോവലിലേറാം, 
റിസ്‌ക്‌ കുറയ്‌ക്കാം ഗ്രഹങ്ങൾ, ഖനികൾ, കുഴൽക്കിണറുകൾ, മാൻഹോളുകൾ തുടങ്ങി മനുഷ്യർക്ക് നേരിട്ട് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവർ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ് ക്യാമ്പിലൂടെ കുട്ടികൾ പരിചയപ്പെടുന്നത്. പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ അത്യാധുനിക സവിശേഷതകളോട് കൂടിയതാണ് ഐഒടി സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇഎസ-്‌പി 32 ഡെവലപ്മെന്റ് ബോർഡാണ് സ്കൂളുകളിൽ വിതരണംചെയ്തത്. ഇതിനുപുറമെ അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പിഐആർ മോഷൻ, ലൈൻ ട്രാക്കിങ് എന്നീ വിവിധ സെൻസറുകളും, 4 ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്മെഴ്സിബിൾ മിനി വാട്ടർ പമ്പ് എന്നിവയുമുണ്ട്. ഇവ ഉപയോഗിച്ച് സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങൾ, കാഴ്ച പരിമിതർക്കുള്ള സ്‌മാർട്ട് ഉപകരണങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ സങ്കീർണമായ പ്രോജക്‌ടുകൾ കുട്ടികൾക്ക് തനിയെ നിർമിക്കാനാകും. പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിനൊപ്പം ബ്ലോക്ക് കോഡിങ്, പൈത്തൺ, സി എന്നീ പ്രോഗ്രാമിങ് ഭാഷകൾ പ്രായോഗികമായി പഠിക്കാനും അവസരം ലഭിക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home