ഹൃദയപൂർവം, ഹൃദയതാളം സലാം

എച്ച് സലാം എംഎൽഎ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്യുന്നു
വണ്ടാനം
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകുന്ന ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിൽ പങ്കുചേർന്നായിരുന്നു അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ തിങ്കളാഴ്‌ചത്തെ പ്രചാരണത്തുടക്കം. കാർത്തികപ്പള്ളിയിലെ ചിങ്ങോലി മേഖലാ കമ്മിറ്റിയായിരുന്നു ഭക്ഷണവിതരണം.
ഒമ്പതുവർഷം മുമ്പാണ് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ആരംഭിക്കുന്നത്. അതിനുമുമ്പ് സിപിഐ എം ഏരിയ സെക്രട്ടറിയായിരിക്കെ എല്ലാ ഞായറാഴ്ചകളിലും എച്ച് സലാം മുൻകൈയെടുത്ത് ആശുപത്രിയിൽ ഭക്ഷണവിതരണം പതിവായിരുന്നു. അന്ന് ആദ്യ ഭക്ഷണപ്പൊതി കൈമാറി പദ്ധതിക്ക് തുടക്കമിട്ടതും സലാം തന്നെ.
പുന്നപ്ര–വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലെ ബലികുടീരത്തിലും സമര നായകൻ വി എസിന്റെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയശേഷമാണ് പകൽ ഒന്നോടെ വണ്ടാനം ആശുപത്രിയിലെത്തിയത്. ആശുപത്രി വികസന സമിതി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ഉമയമ്മ, ബ്രാഞ്ച് സെക്രട്ടറി ജി സുരേഷ് ബാബു ഉൾപ്പെട്ട സംഘം പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ആശുപത്രി സൂപ്രണ്ട്, ഓഫീസ് ജീവനക്കാർ, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ എന്നിവരെയെല്ലാം നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു. ആശുപത്രിയിൽനിന്ന് തിരികെമടങ്ങുമ്പോൾ ഓട്ടോറിക്ഷാ തൊഴിലാളികൾ ചേർന്ന് സലാമിനെ സ്വീകരിച്ചു.
എൽഡിഎഫ് നേതാക്കളായ അജയ് സുധീന്ദ്രൻ, പി കെ സദാശിവൻപിള്ള, ഇ കെ ജയൻ, എ ഓമനക്കുട്ടൻ, അഡ്വ. ആർ രാഹുൽ, പി പി പവനൻ, കെ മോഹൻ കുമാർ, ജെ വിനോദ് കുമാർ, അജ്മൽ ഹസൻ, പ്രശാന്ത് എസ് കുട്ടി, ബി അൻസാരി, ഡിവൈഎഫ്ഐ ചിങ്ങോലി മേഖലാ സെക്രട്ടറി കെ സിനു നാഥ്, പ്രസിഡന്റ് മിഥിൻ കൃഷ്ണ, ആശുപത്രി വികസന സമിതി വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം, ജോയിന്റ് സെക്രട്ടറി രാജു ഫ്രാൻസിസ്, ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.










0 comments