ബിജെപിക്ക് ‘കൈ’കൊടുത്തു; പള്ളിപ്പുറത്ത് കോൺഗ്രസിൽ കൂട്ടരാജി

കോൺഗ്രസ് നേതാവ് ബിജെപി ബൂത്തിൽ
ടി പി സുന്ദരേശൻ
Published on Dec 21, 2025, 01:31 AM | 1 min read
ചേർത്തല
ബിജെപിക്ക് വോട്ട് മറിച്ചതിന് പിന്നാലെ ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മണ്ഡലം ഭാരവാഹികളിൽ 11 പേർ പദവി രാജിവച്ചു. നേതൃത്വത്തിലെ ചിലർ രഹസ്യമായും പരസ്യമായും ബിജെപിയെ സഹായിച്ചെന്ന് കാട്ടിയാണ് ഇവരുടെ രാജി. മണ്ഡലം സെക്രട്ടറിമാരായ മോഹൻദാസ്, കെ എസ് ഷൈജു, ടി കെ രമണൻ, രാധാകൃഷ്‌ണപിള്ള, ട്രഷറർ ആർ രാജേഷ്, വൈസ് പ്രസിഡന്റുമാരായ ബെന്നി കണ്ണാത്തറ, ആർ ഷാജി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ശ്രീജിത്ത്, ജിജോ, രാജേഷ്, രജിമോൻ എന്നിവരാണ് പദവി രാജിവച്ചത്. ബ്ലോക്ക് പ്രസിഡന്റിനാണ് ഇവർ രാജിക്കത്ത് നൽകിയത്. പകർപ്പ് ഡിസിസി പ്രസിഡന്റിനും നേതാക്കൾക്കും കൈമാറി. പഞ്ചായത്തിൽ ഇതാദ്യമായി ഏഴ് വാർഡിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് പൊട്ടിത്തെറി. മൂന്ന് വാർഡിൽ കോൺഗ്രസ് വോട്ട് സംഘടിതമായി മറിച്ചെന്നാണ് രാജിവച്ചവർ തുറന്നുപറയുന്നത്. ഇതിനുപിന്നിൽ ചില കോൺഗ്രസ് നേതാക്കളാണെന്നും ഇവർ ആരോപിക്കുന്നു. അഞ്ച്, ഏഴ്, 17 വാർഡുകളിലാണ് കോൺഗ്രസ് വോട്ട് ബിജെപിക്ക് വൻതോതിൽ മറിച്ചത്. മൂന്നിടത്തും ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.










0 comments